യുപിയില്‍ കോടികളുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്; നോയിഡയില്‍ 500 കോടിയുടെ പ്ലാന്റ്, ലഖ്‌നൗവില്‍ മാള്‍
ന്യൂഡല്‍ഹി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രദേശില്‍ വന്‍ നിക്ഷേപം നടത്തുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് ഒരുക്കാനാണ് പദ്ധതി. പ്രാഥമിക നിക്ഷേപം 500 കോടി രൂപയാണ്. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ പ്ലാന്റില്‍ സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യാനാണ് ആലോചന. ഇതിന് വേണ്ടി ലുലു ഗ്രൂപ്പിന് 20 ഏക്കര്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൈമാറി. ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ നരേന്ദ്ര ഭൂഷണില്‍ നിന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഉത്തരവ് നേരിട്ട് കൈപ്പറ്റി.
വര്‍ഷത്തില്‍ 20000 ടണ്‍ പഴവും പച്ചക്കറിയും കര്‍ഷകരില്‍ നിന്ന് ശേഖരിക്കും. പാര്‍ക്കിലെ പ്ലാന്റില്‍ ഇവ സംസ്‌കരിച്ച് കയറ്റുമതി യോഗ്യമാക്കും. ശേഷം ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുകയും വില്‍പ്പന നടത്തുകയും ചെയ്യും. പാര്‍ക്കിന്റെ മാതൃക ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. എട്ട് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതിയാണിതെന്ന് യൂസഫലി പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പഴവും പച്ചക്കറികളും ശേഖരിക്കുക. ഇടനിലക്കാരെ ഒഴിവാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം കിട്ടും. 500 കോടി രൂപയാണ് പാര്‍ക്കിന്റെ പ്രാഥമിക നിക്ഷേപം. 700 പേര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയാണിത്. കൂടാതെ പരോക്ഷമായി 1500 പേര്‍ക്കും ജോലി നല്‍കും. ആഗോളതലത്തില്‍ 220 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുള്ള വലിയ ചില്ലറ വില്‍പ്പന ശൃംഖലയാണ് ലുലു ഗ്രൂപ്പ്. യുഎഇ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തനം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലകളിലും ലുലു ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. 57000 പേര്‍ ലുലുവില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കുന്നത്. കേരളത്തിലും ലുലു ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് മാള്‍ തുറന്നു. കൂടുതല്‍ ജില്ലകളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചുട്ടത്.
സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍
അതേസമയം, ഉത്തര്‍ പ്രദേശില്‍ ലുലുവിന് മറ്റുചില പദ്ധതികളുമുണ്ട്. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ലുലു മാള്‍ തുറക്കാനിരിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രിലില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. 2000 കോടി രൂപ ചെലവഴിച്ചാണ് മാള്‍ ഒരുക്കുന്നത്. അമര്‍ ശഹീദ് റോഡിലാണ് മാള്‍ വരുന്നത്. അവസാന ഘട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 22 ലക്ഷം ചതുരശ്ര അടിയാണ് മാളിന്റെ വിസ്തീര്‍ണം. 11 സ്‌ക്രീന്‍ തിയേറ്ററും എന്റര്‍ടൈമെന്റ് സെന്ററും റസ്റ്ററന്റുകളും ഉള്‍പ്പെടെ വിശാലമായ സൗകര്യമുള്ള മാളാണ് ലഖൗനിവിലേത്. 3000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. വളരെ മുമ്പ് പ്രഖ്യാപിച്ചതാണ് ലഖ്‌നൗവിലെ ലുലു മാള്‍. പക്ഷേ, കൊവിഡ് കാരണം പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു.