'ഇവിഎം ഹാക്ക് ചെയ്തു, 50 വോട്ട് പോലും കിട്ടാതിരിക്കുമോ?'; മധ്യപ്രദേശ് തോല്‍വിയില്‍ കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് കോണ്‍ഗ്രസ്. പി സി സി അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് എന്നിവരാണ് തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ട് ദിവസത്തിന് ശേഷം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകളാണ് ബി ജെ പി നേടിയത്. കോണ്‍ഗ്രസിന് 66 സീറ്റ് മാത്രമാണ് ലഭിച്ചത്.
തങ്ങളുടെ ഗ്രാമത്തില്‍ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് ചില മുന്‍ എം എല്‍ എമാര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്ന് കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം ദിഗ്വിജയ സിംഗ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.

ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ആരോപിച്ചു. 2003 മുതല്‍ ഇവിഎം വഴി വോട്ട് ചെയ്യുന്നതിനെ താന്‍ എതിര്‍ക്കുന്നുണ്ട് എന്നും പ്രൊഫഷണല്‍ ഹാക്കര്‍മാരാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കാന്‍ നമുക്ക് അനുവദിക്കാമോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഭിസംബോധന ചെയ്യേണ്ട അടിസ്ഥാനപരമായ ചോദ്യമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുമോ എന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. എന്നാല്‍ ദിഗ് വിജയ് സിംഗിന്റെ ആരോപണം ഏറ്റെടുക്കാന്‍ കമല്‍നാഥ് തയ്യാറായില്ല. ചര്‍ച്ച നടത്താതെ ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ല എന്നും ആദ്യം താന്‍ എല്ലാവരോടും സംസാരിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വോട്ടെടുപ്പ് ഫലങ്ങളില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.
പൊതുജനങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങള്‍ക്കറിയാം, നിങ്ങള്‍ എന്തിനാണ് എന്നോട് ചോദിക്കുന്നത്? അവരോട് ചോദിക്കൂ. ചില എം എല്‍ എമാര്‍ എന്നോട് പറയുന്നത് അവരുടെ ഗ്രാമത്തില്‍ 50 വോട്ട് കിട്ടിയില്ലെന്ന്. അതെങ്ങനെ സാധ്യമാകും?' കമല്‍നാഥ് ചോദിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും കമല്‍നാഥ് നേരത്തെ പറഞ്ഞിരുന്നു. ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനൊത്ത് ബി ജെ പി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ സംസ്ഥാനത്തെ നിരാശാജനകമായ ഫലത്തെത്തുടര്‍ന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കമല്‍നാഥിനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications