മധ്യപ്രദേശിൽ ബിജെപിയെ കുരുക്കി ഒളിക്യാമറ, കോൺഗ്രസ് എംഎൽഎമാർക്ക് 100 കോടിയും മന്ത്രിക്കസേരയും!
ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ശ്രമം പാളിപ്പോയിരിക്കുകയാണ്. ബിജെപി ക്യാംപിലെത്തിച്ച പത്ത് എംഎല്‍എമാരില്‍ ആറ് പേരെയും തിരികെ എത്തിക്കാന്‍ സാധിച്ചതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പിനുളള ഭീഷണി താല്‍ക്കാലികമായി ഒഴിവായിരിക്കുന്നു.
എംഎല്‍എമാരെ തങ്ങള്‍ കടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് നിലവിലെ സംഭവങ്ങള്‍ക്ക് കാരണം എന്നുമാണ് ബിജെപി വാദിക്കുന്നത്. എന്നാല്‍ ബിജെപിക്ക് തിരിച്ചടിയായി ചില ഒളി ക്യാമറാ ദൃശ്യങ്ങള്‍ മധ്യപ്രദേശില്‍ നിന്ന് പുറത്ത് വന്നിരിക്കുകയാണ്.

ബിജെപിക്കെതിരെ ഒളിക്യാമറ
വ്യാപം ചോദ്യപ്പേപ്പര്‍ അഴിമതി പുറത്ത് കൊണ്ട് വന്ന വിസില്‍ ബ്ലോവറായ ഡോക്ടര്‍ ആനന്ദ് റായ് പുറത്ത് വിട്ട വീഡിയോ ആണ് ബിജെപിക്ക് കുരുക്കായിരിക്കുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരെയും കോണ്‍ഗ്രസ് എംഎല്‍എമാരെയും കടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് നരോത്തം മിശ്ര ആണ് ഒളി ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്.

നൂറ് കോടിയും മന്ത്രിക്കസേരയും
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 100 കോടി രൂപയും മന്ത്രിപദവിയുമടക്കം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് വീഡിയോ പുറത്ത് വിട്ട് ആനന്ദ് റായ് ആരോപിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആനന്ദ് റായ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കുതിരക്കച്ചവടം- ബിജെപിയെ തുറന്ന് കാട്ടുന്നു എന്ന തലക്കെട്ടിലാണ് വീഡിയോ.

വിശ്വാസം വിലയ്ക്ക് വാങ്ങാനാകില്ല
ബിജെപി നേതാവ് നരോത്തം മിശ്രയെ വീഡിയോയില്‍ കാണാം. ''ജനപിന്തുണ വാങ്ങുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. നൂറ് കോടി രൂപയ്ക്കും മന്ത്രിപദവിക്ക് വേണ്ടിയുളള ആര്‍ത്തിയും കൊണ്ട് ജനവിശ്വാസം വിലയ്ക്ക് വാങ്ങാനാകില്ല'' എന്നാണ് ആനന്ദ റായ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

ദില്ലിയിലെ കൂടിക്കാഴ്ച
ദില്ലിയിലെ ചാണക്യപുരിയിലുളള മധ്യപ്രദേശ് ഭവനിലെ മുറിയില്‍ വെച്ചാണ് ബിജെപി നേതാവിനൊപ്പമുളള വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആനന്ദ് റായ് പറയുന്നു. കഴിഞ്ഞ വര്‍ഷം നരോത്തം മിശ്രയെ കണ്ടപ്പോള്‍ താന്‍ ഒളി ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്നും ആനന്ദ് റായ് വ്യക്തമാക്കുന്നു.

മുകളിൽ നിന്നുളള ഉത്തരവ്
ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ''മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരുമായി താന്‍ ബന്ധത്തിലുണ്ട്. ഓരോ എംഎല്‍എയും നാല് തവണകളായി നൂറ് കോടി രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരില്‍ മന്ത്രിപദവിയും ഈ എംഎല്‍എമാര്‍ക്ക് നല്‍കാം എന്നും വാഗ്ദാനമുണ്ട്. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള മുകളില്‍ നിന്നുളള ഉത്തരവ് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടതാണ് മിശ്ര'' എന്നും ആനന്ദ റായ് പറയുന്നു.

അന്നേ തുടങ്ങി
താന്‍ ഈ വീഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത് എന്തിനെന്നും ആനന്ദ് റായ് വിശദീകരിക്കുന്നു. കമല്‍നാഥ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തിയതിന് പിറകേ തന്നെ ജനവിധി അട്ടിമറിക്കാനുളള നീക്കങ്ങളും തുടങ്ങിയിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വീഡിയോ പുറത്ത് വിടുന്നത് എന്നാണ് റായ് പറയുന്നത്.

വീഡിയോ തളളി ബിജെപി
അതേസമയം വീഡിയോ തളളി ബിജെപി രംഗത്ത് എത്തി. ആനന്ദ് റായ് പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിജെപി വക്താവ് ഉമേഷ് ശര്‍മ ആരോപിച്ചു. മുന്‍ ബിജെപി മന്ത്രിയായ നരോത്തം മിശ്രയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടിയുളള ശ്രമമാണ് എന്നും ഉമേഷ് ശര്‍മ ആരോപിച്ചു. ആനന്ദ് റായ് ഇത്തരത്തിലുളള രാഷ്ട്രീയ തെമ്മാടിത്തരം കാണിക്കുന്നതില്‍ വിദഗ്ദനാണെന്നും ബിജെപി ആരോപിച്ചു.












Click it and Unblock the Notifications