ബിജെപിയുടെ ഹര്‍ജി നാളെ പരിഗണിക്കും... മധ്യപ്രദേശില്‍ നിര്‍ണായക നീക്കം, സാധ്യതകള്‍ ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ പയറ്റിയിരിക്കുകയാണ്. ഇതിനിടയില്‍ ബിജെപി എല്ലാവരെയും ഞെട്ടിച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഹര്‍ജി നാളെ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ മധ്യപ്രദേശ് പോരാട്ടം ദില്ലിയിലേക്ക് മാറിയിരിക്കുകയാണ്. കാര്യങ്ങള്‍ ഇനിയുടെ കോടതിയുടെ കോര്‍ട്ടിലാണ്. കര്‍ണാടക മോഡല്‍ നാടകങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് ഇതോടെ വന്നിരിക്കുന്നത്. ബിജെപി ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെയും കോണ്‍ഗ്രസ് സ്പീക്കറെയും ഉപയോഗിച്ച് നടത്തിയ നാടകത്തിനൊടുവില്‍ നിയമസഭ മാര്‍ച്ച് 26ാം തിയ്യതി വരെ പിരിഞ്ഞിരുന്നു. ഇതോടെ പത്ത് ദിവസം കോണ്‍ഗ്രസിന് മുന്നില്‍ ലഭിച്ചിരിക്കുകയാണ്.

ബിജെപിയുടെ നീക്കം
സഭ പിരിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് നടത്തണമെന്ന് സുപ്രീം കോടതിയില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. ചൗഹാനൊപ്പം ഒമ്പത് എംഎല്‍എമാരുമുണ്ടായിരുന്നു. ഹര്‍ജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം സ്പീക്കറുടെ പരിധിക്ക് മുകളില്‍ നില്‍ക്കുന്നൊരു വിധി സുപ്രീം കോടതിയില് നിന്നുണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്.

കോണ്‍ഗ്രസിന്റെ സാധ്യതകള്‍
സുപ്രീം കോടതി ആറ് മന്ത്രിമാരുടെ രാജി സ്വീകരിച്ച കാര്യം അംഗീകരിക്കും. പക്ഷേ 22 എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും. ഇനി ഇവര്‍ ഹാജരാവാതെ രാജിക്കത്ത് സുപ്രീം കോടതിയില്‍ എത്തിച്ചാലും അത് അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. ഇവരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് രാജിക്കത്ത് സമര്‍പ്പിക്കുന്നതെന്ന് കോണ്‍ഗ്രസിന് വാദിക്കാന്‍ സാധിക്കും. അതുകൊണ്ട് ഇവര്‍ നേരിട്ട് സുപ്രീം കോടതിയില്‍ വരേണ്ടി വരും. ഇവര്‍ക്ക് സുരക്ഷയൊരുക്കാനും കോടതി ആവശ്യപ്പെട്ടേക്കും.

പ്രതീക്ഷ ഇങ്ങനെ
കോടതി സഭ പിരിഞ്ഞത് അംഗീകരിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ അത് അംഗീകരിക്കപ്പെടാനാണ് സാധ്യത. ബിജെപി എംഎല്‍എമാരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. വിമത എംഎല്‍എമാരും ഈ സാഹചര്യത്തില്‍ പരിശോധനയ്ക്ക് എത്തണമെന്ന് കോടതി ആവശ്യപ്പെടും. ഇത് കോണ്‍ഗ്രസിന് ഗുണകരമായി മാറിയേക്കും. ഇവരെ നേരിട്ട് അനുനയിപ്പിക്കാന്‍ കമല്‍നാഥിന് സാധിക്കും. മധ്യപ്രദേശില്‍ വിമതര്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്നെ തിരിച്ചെത്താനാണ് സാധ്യത.

കര്‍ണാടക മോഡല്‍
കര്‍ണാടകത്തില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇവിടെ ഈ എംഎല്‍എമാര്‍ രാജിവെച്ചാല്‍ അയോഗ്യരാക്കാനുള്ള നീക്കത്തിലേക്ക് കമല്‍നാഥ് കടന്നേക്കും. കര്‍ണാടക വിധി ആവര്‍ത്തിച്ചാല്‍ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഉണ്ടാവും. തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമോ എന്നത് സസ്‌പെന്‍സിലിരിക്കുന്ന കാര്യമാണ്. കമല്‍നാഥ് സര്‍ക്കാരും മധ്യപ്രദേശില്‍ ജനപ്രിയം തന്നെയാണ്.

കളത്തിലിറങ്ങി ദിഗ് വിജയ് സിംഗ്
സര്‍ക്കാരിനെ രക്ഷിക്കാന്‍ തീവ്ര ശ്രമത്തിലാണ് ദിഗ് വിജയ് സിംഗ്. ഭോപ്പാലില്‍ ഗവര്‍ണറെ കണ്ടിരിക്കുകയാണ് സിംഗ്. രാഷ്ട്രീയം സംസാരിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം സിംഗിന് പിന്നാലെ ബിജെപിയും ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി കൂടിക്കാഴ്ച്ച നടത്തി. ഗവര്‍ണര്‍ വിശ്വാസ വോട്ടിന് മുന്‍കൈയ്യെടുക്കണമെന്നാണ് ആവശ്യം. ന്യൂനപക്ഷ സര്‍ക്കാര്‍ ഭരിക്കേണ്ടതില്ലെന്നും ചൗഹാന്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സൂചന. 107 എംഎല്‍എമാരുടെ സത്യവാങ്മൂലം ഗവര്‍ണര്‍ക്ക് ഗോപാല്‍ ഭാര്‍വ സമര്‍പ്പിച്ചിട്ടുണ്ട്.

തുറന്നടിച്ച് ചിദംബരം
ബിജെപി പ്രതിസന്ധികളുടെ ഉല്‍പ്പാദകരാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം തുറന്നടിച്ചു. ഓരോ പാര്‍ട്ടിയുടെയും ശക്തിക്കനുസരിച്ച് ഓപ്പണ്‍ വോട്ടിലൂടെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ ബിജെപി നിയമസഭ സംവിധാനത്തെ തകര്‍ക്കുകയാണ്. ഇന്ത്യ കൊറോണ വൈറസ് അടക്കമുള്ള ബാധിക്കാതെ രക്ഷപ്പെട്ടപ്പോള്‍ ബിജെപി മധ്യപ്രദേശില്‍ ഗുജറാത്തിലും പ്രതിസന്ധികള്‍ ഉല്‍പ്പാദിപ്പിച്ചെന്നും ചിദംബരം കുറ്റപ്പെടുത്തി.

കമല്‍നാഥിന്റെ ശ്രമം
കമല്‍നാഥ് പരമാവധി വോട്ടെടുപ്പ് നീട്ടാനാണ് ശ്രമിക്കുന്നത്. അതിനിടയില്‍ എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് കമല്‍നാഥ്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്താത്തതില്‍ സ്പീക്കര്‍ കടുത്ത അതൃപ്തിയിലാണ്. തന്റെ പ്രസംഗം അദ്ദേഹം പൂര്‍ത്തിയാക്കാനും തയ്യാറായില്ല. നിയമസഭാ അംഗങ്ങള്‍ ഭരണഘടനാ ചട്ടങ്ങള്‍ പാലിക്കണമെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറയുകയും ചെയ്തു. അതേസമയം ജനാധിപത്യത്തെ കൊലപ്പെടുത്താനുള്ള സംവിധാനം മോദി കണ്ടുപിടിച്ചെന്ന് മന്ത്രി ജിതു പട്വാരി പറഞ്ഞു.












Click it and Unblock the Notifications