മദ്രസകളെ സ്‌കൂളുകളായി കണക്കാക്കാനാവില്ലെന്ന് സര്‍ക്കാര്‍
മുംബൈ: ഔപചാരിക വിദ്യാഭ്യാസം നല്‍കാത്ത മദ്രസകളെ സ്‌കൂളുകളായി കണക്കാക്കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബി ജെ പി - ശിവസേന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തീരുമാനത്തിനെതിരെ കോടതിയിലും അല്ലാതെയും പ്രതിഷേധിക്കാന്‍ മുസ്ലിം സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
മദ്രസകളെ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകളായി കണക്കാക്കാനാവില്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്. വിവാദമായി തീരാവുന്ന ഈ തീരുമാനത്തിന് പക്ഷേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കൃത്യമായ വിശദീകരണമുണ്ട്. എല്ലാ കുട്ടികളെയും ഔപചാരിക വിദ്യഭ്യാസത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പല സംസ്ഥാനങ്ങളിലും മദ്രസകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇനിമുതല്‍ മദ്രസകള്‍ക്കും ഇസ്ലാമിക് സെമനാരികള്‍ക്കും ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അംഗീകാരം ഉണ്ടാകില്ല. മദ്രസയില്‍ മാത്രം പഠിക്കുന്ന കുട്ടികളെ ഔദ്യോഗിക വിദ്യാഭ്യാസമില്ലാത്ത കുട്ടികളായി പരിഗണിക്കും.
സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണമെടുക്കുന്നതിനായി ഒരു സര്‍വ്വേ നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്. സര്‍വ്വേയിലൂടെ കൂടുതല്‍ കുട്ടികളെ ഔദ്യോഗിക വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രണ്ടായിരത്തിലധികം മദ്രസകളിലായി മഹാരാഷ്ട്രയില്‍ ഒന്നരലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍.












Click it and Unblock the Notifications