കര്‍ണാടക ഫലം ഊര്‍ജമായി; മഹാ വികാസ് അഘാഡിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍
മുംബൈ: കര്‍ണാടകയിലെ ബി ജെ പിയുടെ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് ഊര്‍ജം നല്‍കുന്നെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍. ചെറുകക്ഷികളെ ഒപ്പം കൂട്ടി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയെ വെല്ലുവിളിക്കാന്‍ മഹാ വികാസ് അഘാഡിക്ക് സാധിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുംബൈയിലെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന മഹാ വികാസ് അഘാഡി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 288 അംഗ നിയമസഭയിലേക്ക് 2024 ല്‍ ആണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുന്‍പ് ശിവസേന (യു ബി ടി), എന്‍ സി പി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സീറ്റ് വിഭജനം പൂര്‍ത്തീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ശിവസേന (യു ബി ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടകയെപ്പോലെ, മഹാരാഷ്ട്രയിലും മഹാ വികാസ് അഘാഡി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് ചെറുപാര്‍ട്ടികളുമായും മഹാ വികാസ് അഘാഡി ചര്‍ച്ച നടത്തും.
പ്രതിപക്ഷ ഐക്യത്തിന്റെ സന്ദേശം മഹാരാഷ്ട്രയില്‍ നിന്ന് ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 'വജ്രമൂത്ത്' എന്ന പേരില്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന മഹാ വികാസ് അഘാഡിയുടെ പൊതുയോഗങ്ങള്‍ വേനല്‍ച്ചൂട് കുറഞ്ഞതിന് ശേഷം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സംശയാസ്പദമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാലും ബി ജെ പിയെ പരാജയപ്പെടുത്താന്‍ എളുപ്പമാണെന്ന് കര്‍ണാടക തിരഞ്ഞെടുപ്പ് തെളിയിച്ചെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അടുത്തിടെ നടന്ന കസ്ബ പേഠ് തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഐക്യത്തിന്റെ ചിത്രം കാണിച്ച് തന്നെന്നും ഇതിനര്‍ത്ഥം നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ദൃഢമായി ഐക്യത്തോടെ നിലകൊള്ളുകയും ചെയ്താല്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ഷിന്‍ഡെ ശിവസേനയും വട്ടപ്പൂജ്യമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മഹാ വികാസ് അഘാഡിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ തങ്ങളും തയ്യാറാണ് എന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു.












Click it and Unblock the Notifications