മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ പിളർത്താൻ ബിജെപിയുടെ ശ്രമം ശക്തം; അമിത് ഷാക്കെതിരെ ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പ്രതിപക്ഷത്തെ തകർക്കാൻ ബിജെപി രഹസ്യ നീക്കങ്ങൾ ശക്തമാക്കിയതായി ആരോപിച്ച് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന നേതാവുമായ അമിത് ഷാക്കെതിരെയാണ് ഉദ്ധവ് താക്കറെ ആരോപണങ്ങളുടെ മുന നീട്ടുന്നത്. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവിന്റെ ആക്ഷേപം.
തന്നെയും എൻസിപി നേതാവ് ശരദ് പവാറിനെയും ലക്ഷ്യമിട്ട് അമിത് ഷായുടെ നേതൃത്വത്തിൽ രഹസ്യയോഗം നടന്നിരുന്നതായി ഉദ്ധവ് ആരോപിച്ചു. എന്നാൽ ജനങ്ങളാണ് തന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കേണ്ടതെന്നും ബിജെപി അല്ലെന്നും ഉദ്ധവ് നിലപാടറിയിച്ചു. സംസ്ഥാനത്ത് കോൺഗ്രസും ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയും ഒപ്പം ശരദ് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യമാണ് മത്സര രംഗത്തുള്ളത്.

അടുത്തിടെ നാഗ്‌പൂരിൽ എത്തിയ അമിത് ഷാ അവിടെയൊരു രഹസ്യയോഗം സംഘടിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാനും അവരെ പിളർത്താനും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് ഈ രഹസ്യ യോഗത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ നടന്നതെന്നാണ് ഉദ്ധവ് ആരോപിക്കുന്നത്.
'അടുത്തിടെ നാഗ്‌പൂരിൽ എത്തിയ അമിത് ഷാ ബിജെപി നേതാക്കളുമായി രഹസ്യ യോഗം ചേർന്നു. പ്രതിപക്ഷ പാർട്ടികളെ പിളർത്താനും എന്നെയും ശരദ് പവറിനെയും രാഷ്ട്രീയമായി തടയാനും ആണ് അതിൽ നിർദ്ദേശം നൽകിയത്. എന്തിനാണ് ഇത്തരം രഹസ്യ യോഗങ്ങൾ? അദ്ദേഹത്തിന് ഇത് ജനങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞുകൂടേ' എന്നായിരുന്നു ഉദ്ധവിന്റെ ചോദ്യം.
തങ്ങളെ ദുർബലരാക്കിയാൽ ബിജെപിക്ക് മഹാരാഷ്ട്രയെ എളുപ്പത്തിൽ കൊള്ളയടിക്കാൻ കഴിയുമെന്നാണ് ഉദ്ധവ് പറയുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ സഖ്യത്തിന് 2014ൽ ബിജെപി അന്ത്യം കുറിച്ചെങ്കിലും ശിവസേനയ്ക്ക് ആ തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടാൻ കഴിഞ്ഞെന്നും മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കൂടിയായ ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അധികാരത്തെ മാത്രം സംബന്ധിച്ചുള്ളതല്ലെന്നും മഹാരാഷ്‌ട്രയെ കൊള്ളയിൽ നിന്ന് രക്ഷിക്കാൻ കൂടിയുള്ളതാണെന്നും അദ്ദേഹം പറയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) ഉൾപ്പെടുന്ന എംവിഎ സഖ്യത്തിന് സംസ്ഥാനത്ത് വലിയ വിജയം നേടി തരണമെന്നാണ് ഉദ്ധവ് ആവശ്യപ്പെടുന്നത്.
അതേസമയം, നവംബർ 26ന് മുൻപ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഉത്സവ, ആഘോഷ സീസൺ ആയതിനാൽ ഇത് കൂടി കണക്കിലെടുത്താവും കമ്മീഷന്റെ തീരുമാനം എന്നാണ് സൂചന. അധികം വൈകാതെ തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications