Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഡ്‌നാവിസിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റും; ബിജെപി ദേശീയ അധ്യക്ഷനാക്കാനും നീക്കം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ദേവേന്ദ്ര ഫഡ്‌നാവാസിന്റെ ഭാവി സംബന്ധിച്ച് ബിജെപി നേതൃത്വം ആശയക്കുഴപ്പത്തില്‍. നിലവില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രി പദം വഹിച്ചിരുന്ന ഫഡ്‌നാവിസിന് ആര്‍എസ്എസിന്റെ വിശ്വാസവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇഷ്ടവും നേടാന്‍ സാധിച്ചിട്ടുണ്ട്.

മാത്രമല്ല ഫഡ്‌നാവിസാണ് സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ ബിജെപി മുഖമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. എന്നാല്‍ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ പരാജയപ്പെട്ടതിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കും ഫഡ്‌നാവിസിന് മേല്‍ കുറ്റമാരോപിക്കുന്ന ചിലരുമുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 23 സീറ്റ് ലഭിച്ചിടത്ത് നിന്ന് ഇത്തവണ 9 സീറ്റിലേക്ക് പാര്‍ട്ടി ചുരുങ്ങിയിരുന്നു.

devendra fadnavis

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തന്ത്രങ്ങളിലും ഫഡ്നാവിസ് നിര്‍ണായക പങ്ക് വഹിച്ചു. അതിനാല്‍ ബിജെപിയുടെ മോശം പ്രകടനത്തിന് അദ്ദേഹം ഉത്തരവാദിയാകണമെന്ന് പാര്‍ട്ടിയിലെ ചിലര്‍ കരുതുന്നു. ഇത് കാരണം ഫഡ്‌നാവിസില്‍ അതൃപ്തരാണ് സംസ്ഥാനത്തെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍. ഈ സാഹചര്യത്തില്‍ ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ട്.

ബിജെപി അധ്യക്ഷ സ്ഥാനത്ത് കാലാവധി അവസാനിച്ച ജെപി നദ്ദയുടെ പിന്‍ഗാമിയായി ചിലര്‍ ഫഡ്‌നാവിസിന്റെ പേര് നിര്‍ദ്ദേശിച്ചതായാണ് വിവരം. ഫഡ്നാവിസിന്റെ ഡല്‍ഹിയിലേക്കുള്ള നീക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നെങ്കിലും ബിജെപി നേതാക്കള്‍ ഇത് തള്ളിക്കളഞ്ഞിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 30 എണ്ണവും പ്രതിപക്ഷത്തിന്റെ മഹാ വികാസ് അഘാഡിയാണ് (എംവിഎ) നേടിയത്.

എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ ഭരണകക്ഷിയായ മഹായുതി വെറും 17 സീറ്റുകള്‍ മാത്രമാണ് നേടിയത്. അതില്‍ ബിജെപി 9 സീറ്റുകള്‍ നേടി. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശിവസേന കുറച്ച് സീറ്റുകള്‍ മാത്രം നേടിയാലും മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താമെന്ന് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ട് കൂടിയാണ് ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത്.

എംവിഎ സഖ്യമായ ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍), കോണ്‍ഗ്രസ് എന്നിവരും മഹായുതി സഖ്യമായ ബിജെപി, ശിവസേന, എന്‍സിപി എന്നിവരും തമ്മിലുള്ള ദ്വിമുഖ പോരാട്ടത്തിനാണ് മഹാരാഷ്ട്ര ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. 2019 ല്‍ ബിജെപിയും അവിഭക്ത സേനയും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തിയെങ്കിലും പിന്നീട് പിളരുകയായിരുന്നു. പിന്നീട് ശിവസേന കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം കൈകോര്‍ത്തു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ എംവിഎ സര്‍ക്കാര്‍ ഭരിക്കുന്നതിനിടെയാണ് ബിജെപി, ഏകനാഥ് ഷിന്‍ഡെയിലൂടെ ശിവസേനയെ പിളര്‍ത്തി അധികാരം പിടിച്ചത്. പിന്നീട് എന്‍സിപിയേയും ബിജെപി പിളര്‍ത്തി. ഇതോടെ ഉദ്ധവ് താക്കറേയുടെ ശിവസേനയ്ക്കും ശരദ് പവാറിന്റെ എന്‍സിപിക്കും സ്വന്തം പാര്‍ട്ടികളുടെ പേരും ചിഹ്നവും നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര തിരിച്ചുവരവാണ് എംവിഎ സഖ്യം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+