'എംഎൽഎമാരെ ബിജെപി ചാക്കിടും'; മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം തടയാൻ നീക്കങ്ങളുമായി എംവിഎ
തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കുതിരക്കച്ചവട നീക്കം തടയാൻ തിരക്കിട്ട നീക്കങ്ങളുമായി മഹാവികാസ് അഘാഡി സഖ്യം. ഫല പ്രഖ്യാപനത്തിന് പിന്നാലെ എംഎഎമാരെ കർണാകയിലേക്കോ തെലുങ്കാനയിലേക്കോ മാറ്റാനാണ് നീക്കം. ഇതിനായി പ്രത്യേക വിമാനവും ഏർപ്പെടുത്തും.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിനാണ് എക്സിറ്റ് പോളുകൾ വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. എന്നാൽ എംവിഎ ക്യാമ്പും വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം ഉയർന്നതിലാണ് സഖ്യം പ്രതീക്ഷ പുലർത്തുന്നത്. ഉയർന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

നേരിയ ഭൂരിപക്ഷത്തിലാണ് മഹായുതി വിജയിക്കുന്നതെങ്കിൽ ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിച്ചേക്കുമെന്ന ആശങ്ക എം വി എയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ ബി ജെ പിയിൽ നിന്നും തങ്ങളുടെ എം എൽ എമാരെ സംരക്ഷിക്കാൻ ഏതറ്റം വരേയും പോകണമെന്നാണ് നേതൃത്വം നൽകുന്ന നിർദ്ദേശം. എം എൽ എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് വിജയ് വദേത്തിവാറിനാണ് നൽകിയിരിക്കുന്നത്. 'സുരക്ഷിത സീറ്റുകളിലെ' എം എൽ എമാരെ ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നിന്ന് മാറ്റണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
എം വി എ വിജയിക്കും; 165 സീറ്റുകൾ വരെ നേടും; സഞ്ജയ് റൗത്ത്
ഇക്കുറി സംസ്ഥാനത്ത് കൂറ്റൻ വിജയം നേടാനാകുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. 165 സീറ്റുകൾ വരെ സഖ്യം സ്വന്തമാക്കും. മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. മഹാവികാസ് അഘാഡി സഖ്യം ഇക്കാര്യത്തിൽ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും റൗത്ത് പറഞ്ഞു. കുതിരക്കച്ചവടം തടയാൻ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ടെന്ന് റൗത്ത് പറഞ്ഞു.
288 അംഗ നിയമസഭയിൽ 147 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. എക്സിറ്റ് പോളുകൾ മഹായുതി സഖ്യത്തിന് 170 സീറ്റുകൾ വരെ സാധ്യത പ്രവചിക്കുന്നുണ്ട്. എം വി എ സഖ്യം 110 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം. എന്നാൽ എക്സിറ്റ് പോളുകൾ തെറ്റാണെന്ന് തെളിയുമെന്ന ആത്മവിശ്വാസമാണ് എം വി എ നേതാക്കൾ പങ്കുവെക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇക്കുറിയും ആവർത്തിക്കുമെന്നും നേതാക്കൾ പറയുന്നു.












Click it and Unblock the Notifications