മഹാരാഷ്ട്രയിൽ ട്രബിൾ ഷൂട്ടറെ ഇറക്കി കോൺഗ്രസ്, ഡികെ ശിവകുമാർ മുംബൈയിലേക്ക്, ഇനി കളി മാറും!
മുംബൈ: മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റി വെച്ചതോടെ ബിജെപിക്ക് കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. ബിജെപിക്കെന്ന പോലെ കോണ്‍ഗ്രസിനും ശിവസേനയ്ക്കും എന്‍സിപിക്കും ഒരുപോലെ നിര്‍ണായകമാണ് വരും മണിക്കൂറുകള്‍.
നിലവില്‍ 154 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ബിജെപി പക്ഷത്തുളളത് അജിത് പവാര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ എന്ത് കളി കളിച്ചും ഭൂരിപക്ഷമെത്തിക്കാന്‍ ബിജെപി ശ്രമിക്കുമെന്നുറപ്പാണ്. ആ നീക്കങ്ങള്‍ക്ക് തടയിടാന്‍ അടിയും തടയും അറിയുന്ന നേതാവ് തന്നെ വേണം മറുപക്ഷത്ത്. അതിനായി കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ മുംബൈയിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ നാണക്കേട്
ഒരുവിധത്തിലുമുളള തടസ്സവും ഇല്ലാതെ സര്‍ക്കാരുണ്ടാക്കാനുളള സാഹചര്യം തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്ക് സംസ്ഥാനത്തുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേന ഉടക്കിടുന്നത് വരെ. തങ്ങളുടെ പാലം വലിച്ച് മറുപക്ഷത്ത് പോയ ശിവസേന സര്‍ക്കാരുണ്ടാക്കിയാല്‍ അതിലും വലിയ നാണക്കേട് ബിജെപിക്ക് സംഭവിക്കാനില്ല. അത് തന്നെയാണ് ബിജെപിയെ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും.

അനുനയ നീക്കങ്ങൾ
അര്‍ധരാത്രി നാടകത്തിലൂടെ അധികാരം പിടിച്ചെങ്കിലും അത് നിലനിര്‍ത്തുക എന്നത് ബിജെപിക്ക് വന്‍ വെല്ലുവിളി ആയിരിക്കുകയാണ്. അജിത് പവാറിനൊപ്പം വന്ന എന്‍സിപി എംഎല്‍എമാരെല്ലാവരും തന്നെ ശരദ് പവാര്‍ ക്യാമ്പിലേക്ക് തിരിച്ച് പോയിക്കഴിഞ്ഞു. അജിത് പവാറിനെ അനുനയിപ്പിക്കാന്‍ എന്‍സിപി നേതൃത്വം നിരന്തരം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

എംഎൽഎമാർ ഹോട്ടലുകളിൽ
എന്‍സിപി എംഎല്‍എമാര്‍ ഒപ്പമില്ലെങ്കില്‍ ശിവസേനയുടേയോ കോണ്‍ഗ്രസിന്റെയോ എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപിക്ക് സാധിക്കേണ്ടതുണ്ട്. സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എന്‍സിപി എംഎല്‍എമാരുളളത്. അന്ധേരിയിലെ ലളിത് ഹോട്ടലിലാണ് ശിവസേന എംഎഎമാര്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത് ജെ ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിലാണ്.

ഉന്നത നേതാക്കൾ കാവൽ
വിശ്വാസ വോട്ടെടുപ്പ് ഉടനില്ലെങ്കില്‍ എംഎല്‍എമാരെ ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിന്റെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേയും നിരീക്ഷണത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുളളത്. അഭിമാന പ്രശ്‌നമാണ് എന്നുളളത് കൊണ്ട് തന്നെ എംഎല്‍എമാര്‍ക്ക് വേണ്ടി മോദിയും അമിത് ഷായും നേരിട്ടിറങ്ങിയേക്കുമെന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ട്.

ഡികെ ശിവകുമാര്‍ മുംബൈയിലേക്ക്
കര്‍ണാടകത്തിലടക്കം കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയ ട്രബിള്‍ ഷൂട്ടര്‍ ഡികെ ശിവകുമാര്‍ മുംബൈയിലേക്ക് എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിസോര്‍ട്ട് രാഷ്ട്രീയം ഡികെയ്ക്ക് പുത്തരിയല്ല. ഡികെയുടെ പരിചയ സമ്പത്തും തന്ത്രങ്ങളും മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

ഗുജറാത്തിലെ ക്രൈസിസ് മാനേജ്മെന്റ്
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഡികെയുടെ ക്രൈസിസ് മാനേജ്‌മെന്റ് രാജ്യം കണ്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് ബിജെപി വന്‍ നീക്കങ്ങള്‍ നടന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചാന്‍ പണച്ചാക്കുമായി ബിജെപി നേതാക്കള്‍ വട്ടമിട്ട് പറന്നു.

പാളിയ തന്ത്രങ്ങൾ
എന്നാല്‍ ഒന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം ചിറകിനടിയില്‍ ഒളിപ്പിച്ച് രായ്ക്ക് രാമായനം ഡികെ തട്ടകമായ ബെംഗളൂരുവിലേക്ക് കടത്തി. കര്‍ണാടകത്തില്‍ വെച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളൊക്കെയും ഡികെയ്ക്ക് മുന്നില്‍ അപ്പാടെ പാളിപ്പോയി. അഹമ്മദ് പട്ടേല്‍ ജയിച്ച് രാജ്യസഭയില്‍ എത്തുകയും ചെയ്തു.

ഇനി കളി മാറും
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ കര്‍ണാടകത്തില്‍ താഴെ ഇറക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളേയും പ്രതിരോധിച്ചത് ഡികെ ശിവകുമാര്‍ ആയിരുന്നു. കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി പലതവണയായി നടത്തിയ ശ്രമങ്ങളെ എല്ലാം ഡികെ ചെറുത്തു. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ പൊക്കിയെടുത്ത് ഡികെ സഭയിലെത്തിച്ചു. മഹാരാഷ്ട്രയില്‍ ഡികെ എത്തുന്നതോടെ കളി മാറാനാണ് സാധ്യത.












Click it and Unblock the Notifications