ഇനിയും മത്സരിക്കാനില്ല; വിരമിക്കല്‍ സൂചന നല്‍കി പവാര്‍, 'പുതുതലമുറ വരട്ടെ'
മുംബൈ: തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കാന്‍ പോകുന്നു എന്ന സൂചന നല്‍കി എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍. രാജ്യസഭയിലെ തന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ ഭാവിയില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. ചെറുമകന്‍ യുഗേന്ദ്ര പവാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാരാമതി പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''ഞാന്‍ 14 തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാജ്യസഭാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പാര്‍ലമെന്ററി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണോ വേണ്ടയോ എന്ന് ആലോചിക്കും. പുതിയ തലമുറയ്ക്ക് ഉത്തരവാദിത്തം ഏല്‍പ്പിക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കുന്നത് തുടരാന്‍ ഒരു തിരഞ്ഞെടുപ്പിലും വിജയിക്കേണ്ട ആവശ്യമില്ല,' ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായ നേതാവാണ് ശരദ് പവാര്‍.

ഇനി ഒന്നര വര്‍ഷം അവശേഷിക്കുന്നു. പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക വിഭാഗങ്ങള്‍ക്ക്. എന്റെ സേവനം തുടരാന്‍ എനിക്ക് തിരഞ്ഞെടുപ്പുകളൊന്നും ആവശ്യമില്ല, അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ല എന്നും ഉറപ്പിച്ചു. സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ തനിക്ക് അധികാരം ആവശ്യമില്ല എന്നും പവാര്‍ ആവര്‍ത്തിച്ചു.
പവാറിന്റെ രാജ്യസഭാ കാലാവധി 2026ല്‍ പൂര്‍ത്തിയാകും. 30 വര്‍ഷം മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനത്തിന്റെ എല്ലാ ഉത്തരവാദിത്തവും അജിത് പവാറിന് നല്‍കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ഈ 25 മുതല്‍ 30 വര്‍ഷം വരെ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു എന്നും എന്നാല്‍ ഇനി അടുത്ത 30 വര്‍ഷത്തേക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യണം എന്നും പവാര്‍ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ വരേണ്ട നിരവധി വന്‍കിട പദ്ധതികള്‍ ഗുജറാത്തിലേക്ക് മാറ്റിയെന്നും ബിജെപിയാണ് ഇതിന് കാരണം എന്നും അദ്ദേഹം ആരോപിച്ചു. 'അധികാരത്തില്‍ ഇരിക്കുന്നവര്‍ ഇപ്പോള്‍ സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞാന്‍ അധികാരത്തിലിരിക്കുമ്പോള്‍ പൂനെയുടെ വികസനം പരിഗണിച്ചു. കൃഷി മാത്രം പോരാ എന്ന് എനിക്കറിയാമായിരുന്നു. നാഗ്പൂരില്‍ സ്ഥാപിക്കേണ്ടിയിരുന്ന അര്‍ദ്ധചാലക ഫാക്ടറിയായ വേദാന്ത ഫോക്സ്‌കോണും ഗുജറാത്തിലേക്ക് മാറ്റി, അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ മാറാതെ മറ്റൊരു വഴിയുമില്ല എന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രതിനിധിയെ തങ്ങള്‍ക്ക് ആവശ്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് തവണ എംഎല്‍എയായ അജിത് പവാറിനെയാണ് മരുമകന്‍ യുഗേന്ദ്ര പവാര്‍ ബാരാമതിയില്‍ നേരിടുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഹോദരി സുപ്രിയ സുലെയ്ക്കെതിരെ അജിത് തന്റെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചതിന് ശേഷം പവാര്‍ കുടുംബം നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ബാരാമതിയിലെ പ്രത്യേകത.












Click it and Unblock the Notifications