എംവിഎയില്‍ പരസ്യമായി പ്രശ്‌നങ്ങള്‍, സഖ്യം പിളരുമോ? 28 സീറ്റുകളില്‍ തര്‍ക്കം അവസാനിക്കുന്നില്ല
മുംബൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മഹാവികാസ് അഗാഡിയില്‍ പ്രശ്‌നങ്ങള്‍. പരസ്യമായ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസും ശിവസേന യുബിടിയും തമ്മില്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പരസ്യമായിട്ടാണ് ശിവസേന എംപി സഞ്ജയ് റാവത്തിനെ വിമര്‍ശിച്ചത്.
നേരത്തെ നടന്ന യോഗത്തില്‍ റാവത്ത് സംസ്ഥാന നേതൃത്വത്തിന് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കുള്ള ശേഷിയില്ലെന്ന് പറഞ്ഞിരുന്നു. വിദര്‍ഭയിലെ പ്രശ്‌നങ്ങള്‍ റാവത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഡല്‍ഹിയിലെ ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താമെന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

സഞ്ജയ് റാവത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിക്കുന്നുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെ പ്രശ്‌നം മാത്രമാണെന്നും നാനാ പടോലെ തുറന്നടിച്ചു. ഇതിനിടെ ശിവസേന യുബിടി നേതാവ് അനില്‍ ദേശായിയും, എന്‍സിപി ശരത് പവാര്‍ വിഭാഗം നേതാവ് ജിതേന്ദ്ര അഹ്ലാവത്തും അദ്ദേഹത്തെ വാര്‍ത്താസമ്മേളനത്തിനിടെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാദങ്ങളെ ദേശായ് തള്ളി. സഖ്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സഖ്യത്തിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. 119 സീറ്റുകള്‍ കോണ്‍ഗ്രസിനും ശിവസേന യുബിടിക്കും, 86 സീറ്റുകളും, എന്‍സിപിക്ക് 75 സീറ്റുകളുമെന്നതാണ് ധാരണ.
എംവിഎ നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൊക്കലിംഗത്തെ നേരിട്ട് കണ്ടിരുന്നു. തിരഞ്ഞെടുപ്പില്‍ സുതാര്യത സഖ്യം ആവശ്യപ്പെട്ടു. വിദര്‍ഭ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സഖ്യ ചര്‍ച്ചകള്‍ നീണ്ടുപോകുന്നതില്‍ ശിവസേന അതൃപ്തിയിലാണ്.
മഹാരാഷ്ട്ര നിയമസഭയില്‍ 288 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 260 സീറ്റുകളിലാണ് പൂര്‍ണമായ ധാരണയായിരിക്കുന്നത്. എന്നാല്‍ 28 സീറ്റുകളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഈ സീറ്റുകളില്‍ ചര്‍ച്ച ദുഷ്‌കരമായിരിക്കുകയാണ്. മൂന്ന് പാര്‍ട്ടികളും ഒരുപോലെ ഇവയില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.
കോണ്‍ഗ്രസ് 110നും 115നും ഇടയില്‍ സീറ്റുകളാണ് ആവശ്യപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ, കൊങ്കണ്‍ മേഖലകളിലാണ് ശിവസേന കൂടുതലായി സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവസേന യുബിടിയുടെ ശക്തികേന്ദ്രമാണിത്.
ഉദ്ധവ് താക്കറെയ്ക്ക് ഇത് അഭിമാനപ്പോരാട്ടം കൂടിയാണിത്. ഷിന്‍ഡെ പക്ഷത്തെ വീഴ്ത്തിയാല്‍ മാത്രമേ ഉദ്ധവിന് നിലനില്‍പ്പുള്ളൂ. പശ്ചിമ മഹാരാഷ്ട്രയിലാണ് എന്‍സിപിയുടെ ശക്തികേന്ദ്രങ്ങളുള്ളത്. ഇവിടെയാണ് അവര്‍ കൂടുതലായി മത്സരിക്കുക. ഇതിന് പുറമേ പന്ത്രണ്ട് സീറ്റുകള്‍ വരെ നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications