പ്രതിപക്ഷനേതാവിൽ നിന്നും ഉപമുഖ്യമന്ത്രിയിലേക്ക്; അട്ടിമറിക്ക് പിന്നിൽ; കാരണം തുറന്നുപറഞ്ഞ് അജിത് പവാർ
മുംബൈ: വീണ്ടുമൊരു രാഷ്ട്രീയ അട്ടിമറിക്ക് സാക്ഷിയായിരിക്കുകയാണ് മഹാരാഷ്ട്ര. എന്‍ സി പിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ മഹാരാഷ്ട്ര വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. 9 എം എല്‍ എമാരുമായാണ് അജിത് പവാര്‍ എന്‍ സി പി പിളർത്തി ഭരണപക്ഷത്തേക്ക് മാറിയിരിക്കുന്നത്.
മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു. ഇതാദ്യമായല്ല അജിത് പവാര്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുന്നത്. എന്നാല്‍, മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ റോളില്‍ നിന്ന് നേരിട്ട് ഷിന്‍ഡെ-ഫഡ്നാവിസ് സര്‍ക്കാരില്‍ ചേര്‍ന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം വീണ്ടും മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയായിരുന്നു.

'ശിവസേനക്കൊപ്പം പോകാമെങ്കില്‍ ബി ജെ പിക്കൊപ്പം പോകാം. അത് സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണെന്ന് അജിത് പവാര്‍ പറഞ്ഞു. അപ്രതീക്ഷിത സത്യപ്രതിഞ്ജയ്ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാര്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രതിപക്ഷ ഐക്യത്തെ അജിത് പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം ഒന്നിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഓരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യങ്ങളുള്ളതിനാല്‍ ഈ യോഗങ്ങള്‍ക്കൊന്നും ഫലം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
'നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ പോലും പ്രതിപക്ഷത്ത് കാണാന്‍ സാധിച്ചിട്ടില്ല. 1984 മുതല്‍ ഇന്ത്യയെ ഒരു നേതാവും ഒറ്റയ്ക്ക് നയിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ചെയ്യുകയാണ്. വിദേശ രാജ്യങ്ങളില്‍ പോലും അദ്ദേഹത്തിന്റെ പ്രശസ്തി എത്തിക്കഴിഞ്ഞു. നമുക്ക് വികസനത്തിന്റെ ഒപ്പം നില്‍ക്കണം'- അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങളുടെ പാര്‍ട്ടിക്ക് പുതിയ മുഖങ്ങളെ ആവശ്യമുണ്ട്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. മഹാരാഷ്ട്രയ്ക്ക് കേന്ദ്ര ഫണ്ടുകള്‍ വേണം. മിക്ക എന്‍ സി പി എം എല്‍ എമാരും നമ്മളോടൊപ്പമാണ്. പാര്‍ട്ടി ചിഹ്നവും ബാനറും ഉപയോഗിച്ച് ഞങ്ങള്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും എന്‍ സി പിയായി പോരാടും'- അജിത് പവാര്‍ പറഞ്ഞു.
എല്ലാ എം എല്‍ എമാരും തനിക്കൊപ്പമാണെന്നും പാര്‍ട്ടി തനിക്കൊപ്പമായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അജിത് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഭൂരിപക്ഷത്തിനാണ് പ്രധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications