മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരം 'നാടകം'; വിവാദ പരാമര്‍ശവുമായി ബിജെപിയുടെ അനന്ത്കുമാര്‍ ഹെഗ്‌ഡെ
ബംഗളൂരു: മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടക ബിജെപി എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇത്തരക്കാരെ എങ്ങനെയാണ് ഇന്ത്യയില്‍ മഹാത്മ എന്ന് വിളിക്കുന്നതെന്നും ഹെഗ്‌ഡേ ചോദിച്ചു. ബംഗളൂരുവില്‍ ശനിയാഴ്ച നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് എംപിയുടെ വിവാദ പരാമര്‍ശം. സ്വാതന്ത്ര്യ സമരം പൂര്‍ണമായും അരങ്ങേറിയത് ബ്രിട്ടീഷുകാരുടെ അറിവോടെയും സമ്മതത്തോടെയും പിന്തുണയോടെയുമാണെന്നും ഹെഗ്‌ഡെ പറഞ്ഞു.

ഇത്തരത്തിലുള്ള നേതാക്കളെ ഒരിക്കല്‍ പോലും പൊലീസുകാര്‍ തല്ലിയിട്ടില്ല. ഇവരുടെ സ്വാതന്ത്ര്യ സമരം തന്നെ വലിയൊരു നാടകമായിരുന്നു. ബ്രിട്ടീഷുകാരുടെ അറിവോടെയാണ് ഈ സമരം അരങ്ങേറിയത്. യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ല അത്. മറിച്ച് സഹകരണത്തോടെയുള്ള സ്വാതന്ത്ര്യ സമരമായിരുന്നു. ഇതായിരുന്നു ഹെഗ്‌ഡേയുടെ വാക്കുകള്‍.
മഹാത്മാ ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹ സമരങ്ങളും വെറും നാടകമായിരുന്നുവെന്ന് ഹെഗ്‌ഡേ ആരോപിച്ചു. നിരാഹാരവും സത്യാഗ്രഹവും പോലുള്ള സമര മുറകളിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് സത്യാഗ്രഹം കാരണമല്ല. ഇന്ത്യയോട് അവസാനം തോന്നിയ നിരാശയാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നല്‍കാന്‍ കാരണം. ചരിത്രം വായിക്കുമ്പോള്‍ തന്റെ രക്തം തിളച്ചു മറിയുകയാണെന്നും ഇത്തരത്തിലുള്ള ആളുകളാണ് രാജ്യത്ത് മഹാത്മാക്കളായി മാറുന്നതെന്നും ഹെഗെഡെ പറഞ്ഞു.
വിവാദപരമായ പല പ്രസ്താവനകളും കൊണ്ട് ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് അനന്ത് കുമാര്‍. നേരത്തെയും അദ്ദേഹം ഗാന്ധിജിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസ് കുടുംബത്തിനെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനാണ് അനന്ത് കുമാര്‍ ഇത്തരം ആരോപണങ്ങള്‍ നിരന്തരം ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു. ഹെഗ്‌ഡെയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയക്കണമെന്ന് കോണ്‍്ഗ്രസ് സംസ്ഥാന വക്താവ് വി.എസ് ഉഗ്രപ്പ ആവശ്യപ്പെട്ടു. അതേസമയം ഹെഗ്‌ഡേയുടെ പരാമര്‍ശത്തെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications