മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്ത് യുപി പോലീസ്; അറസ്റ്റ് ബജ്റംഗ്ദൾ നേതാവിന്റെ പരാതിയിൽ
ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഗാസിയൂാദിലെ കനവാണിയിലെ ഇന്ദിരാപുരത്ത് നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബജ്റംഗ്ദൾ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ബജ്റാംഗ്ദൾ നേതാവായ പ്രവീൺ നഗർ പോലീസിൽ പരാതി നൽകിയത്. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്നും ഇവർ തന്നേയും സമീപിച്ചുവെന്നുമാണ് പ്രവീൺ പരാതിയിൽ പറയുന്നത്.
'യേശുവിനെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുമെന്ന് അവർ പറഞ്ഞു. ഞങ്ങൾ ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ടുലക്ഷം രൂപ വീതവും വീട് നിർമിക്കാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും നൽകുമെന്നും അവർ പറഞ്ഞു. നമ്മുടെ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുമെന്നും അവർ വാഗ്ദാനം നൽകി. പാവപ്പെട്ടവരെയും നിസ്സഹായരെയും അവർ ഇങ്ങനെയാണ് വശീകരിച്ചത്', പ്രവീൺ പരാതിയിൽ പറഞ്ഞു.
2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് ശിക്ഷ.അതേസമയം ദമ്പതികളുടെ വീട്ടിൽ നിന്ന് ചില രേഖകളും ഫോണുകളും പോലീസ് പിടിച്ചെടുത്തതായി ഡിസിപി (നഗരം) ദീക്ഷ ശർമ അറിയിച്ചു. 1996 മുതൽ ഇയാൾ ഗാസിയാബാദിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നുണ്ട്. ഓപ്പറേഷൻ അഗാപ്പെയുമായി ബന്ധപ്പെട്ട യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. 20 പേരം മതം മാറ്റാൻ അംഗങ്ങൾക്ക് ടാർഗറ്റ് നൽകിയിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications