ഖാര്‍ഗെയെ മന്‍മോഹന്‍സിംഗ് 2.0 എന്ന് വിളിച്ച് പരിഹസിച്ചു; പാര്‍ട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച പാര്‍ട്ടി വക്താവിനെ സസ്‌പെന്റ് ചെയ്ത് ഡി എം കെ. ഡി എം കെ വക്താവ് സ്ഥാനത്ത് നിന്ന് കെ എസ് രാധാകൃഷ്ണനെ ആണ് പാര്‍ട്ടി വെള്ളിയാഴ്ച സസ്‌പെന്റ് ചെയ്തത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കെ എസ് രാധാകൃഷ്ണന്‍ ഖാര്‍ഗെയുടെ ചിത്രം പങ്ക് വെച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം മന്‍മോഹന്‍ സിംഗ് 2.0 എന്ന് അടിക്കുറിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി എം കെ നടപടി എടുത്തത്.

ഡി എം കെയുടെ മുതിര്‍ന്ന നേതാവാണ് നടപടി നേരിട്ട കെ എസ് രാധാകൃഷ്ണന്‍. ഗാന്ധി കുടുംബത്തിന്റെ പാവയാണ് മന്‍മോഹന്‍സിംഗ് എന്നും അദ്ദേഹത്തെ പോലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അത് പിന്തുടരും എന്നും സൂചിപ്പിച്ചുള്ളതായിരുന്നു കെ എസ് രാധാകൃഷ്ണന്റെ പോസ്റ്റ്. സംഭവം വിവാദമായതിന് പിന്നാലെ കെ എസ് രാധാകൃഷ്ണന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ട്വീറ്റിന് താഴെ കെ എസ് രാധാകൃഷ്ണനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. കെ എസ് രാധാകൃഷ്ണനെ പാര്‍ട്ടിയില്‍ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളില്‍ നിന്നും നീക്കുകയാണ് എന്നാണ് ഡി എം കെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകന്‍ പ്രസ്താവനയില്‍ പറഞ്ഞത്. കെ എസ് രാധാകൃഷ്ണന്റെ നടപടി ഡി എം കെയ്ക്ക് അപകീര്‍ത്തികരമാണ് എന്ന് ദുരൈ മുരുകന്‍ പറഞ്ഞു.

നേരത്തെ വിവാദത്തെ ട്വീറ്റിനെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കെ എസ് രാധാകൃഷ്ണന്റെ അഭിപ്രായത്തോട് ഡി എം കെ വഴങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് രാധാകൃഷ്ണനെതിരെ ഡി എം കെ നടപടി കൈക്കൊണ്ടത്. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനും എം പി കനിമൊഴിയും ഖാര്‍ഗെയുടെ വിജയത്തെ അഭിവാദ്യം ചെയ്തിരുന്നു.

ഡി എം കെയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലുവിനോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ കാണാനും ഡി എം കെയെ പ്രതിനിധീകരിച്ച് ആശംസകള്‍ അറിയിക്കാനും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയത്തായിരുന്നു കെ എസ് രാധാകൃഷ്ണന്റെ പരിഹസിച്ച് കൊണ്ടുള്ള ട്വീറ്റ് എത്തിയത് എന്നതും ശ്രദ്ധേയമായി.












Click it and Unblock the Notifications