മമത വീണ്ടും യുപിയിലേക്ക്; ഇത്തവണ മോദിയുടെ തട്ടകത്തില്‍, കാശി ക്ഷേത്രത്തില്‍ ദര്‍ശനം
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ചയെത്തും. നേരത്തെ ലഖ്‌നൗവില്‍ പ്രചാരണത്തില്‍ പങ്കെടുത്ത് മടങ്ങിയ മമത ഇത്തവണ വരുന്നത് വാരണാസിയിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. ദശാശ്വമേധ് ഘട്ട് സന്ദര്‍ശിക്കുന്ന മമത, വ്യാഴാഴ്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ എസ്പിയുമാണ് റാലി സംഘടിപ്പിക്കുന്നത്. ശേഷം അവര്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമായിരിക്കും ബംഗാളിലേക്ക് മടങ്ങുക. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാന മുഖമാകാന്‍ പോകുന്ന മമതയുടെ വാരണാസി സന്ദര്‍ശനം പ്രധാന്യമുള്ളതാണെന്ന് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് മല്‍സരിക്കുമെന്ന് നേരത്തെ മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവാണ് വിജയിക്കുക എന്നും യോഗിയെ ജനം തള്ളുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മമതയുടെ വരവ് ബിജെപിക്ക് അനുകൂലമായ തരംഗത്തിന് കാരണമാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഹിന്ദു വോട്ടര്‍മാര്‍ മമതയെ ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ മമത വന്നാല്‍ എസ്പിയുടെ വോട്ട് ചോരും. അത് ബിജെപിക്ക് ഗുണം ചെയ്യും എന്നാണ് ബിജെപി നേതാക്കളുടെ വാദം.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മോശമായി ചിത്രീകരിച്ച വ്യക്തിയാണ് മമത എന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ ആരോപിച്ചു. ബംഗാളിലെ പാര്‍ട്ടി ചുമതയുള്ള രണ്ടുപേരില്‍ ഒരാളാണ് അമിത് മാളവ്യ. മമത ഇപ്പോള്‍ വരുന്നത് യുപിയിലെ വോട്ടമാരെ കാണാനാണ്. സ്വന്തം മണ്ഡലത്തിന് അപ്പുറം മമതയ്ക്ക് ജനപ്രീതിയില്ല. നന്തിഗ്രാമില്‍ പോലും മമത തോല്‍ക്കുകയാണ് ചെയ്തത്. ബംഗാളില്‍ ഭരണം നിലനിര്‍ത്താന്‍ മമത ശ്രമിക്കണം. അനന്തരവന്‍ ഭരണം പിടിക്കാന്‍ കൊതിക്കുന്നുവെന്നും അമിത് മാളവ്യ പരിഹസിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുഖമായി മാറാന്‍ മമത ശ്രമിക്കുന്നുണ്ട്. നേരത്തെ അവര്‍ ചില പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെയും മുംബൈയിലെത്തി കണ്ട മമത ഡല്‍ഹി സന്ദര്‍ശനത്തിനിടെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാതെ മടങ്ങിയതും വാര്‍ത്തയായിരുന്നു. അതേസമയം, ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവവും ശ്രമം നടത്തുന്നുണ്ട്. പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ് കെസിആറിന്റെ ശ്രമം.












Click it and Unblock the Notifications