ആ കുട്ടി പ്രണയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി? പതിനാലുകാരിയുടെ കൊലപാതകത്തില്‍ വിശദീകരണവുമായി മമത
കൊല്‍ക്കത്ത: ബംഗാളില്‍ പതിനാലുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. പെണ്‍കുട്ടി നേരത്തെ തന്നെ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും, അങ്ങനെയാണ് ഗര്‍ഭിണിയായതെന്നും മമത പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് നാദിയ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂട്ടാളികളുമാണ് സംഭവത്തില്‍ പ്രതിക്കൂട്ടിലുള്ളത്. ഈ വിവാദങ്ങള്‍ക്കിടെയാണ് മമത പോലീസില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ പങ്കുവെച്ചത്. ബലാത്സംഗത്തെ തുടര്‍ന്നാണ് ഈ ബാലിക കൊല്ലപ്പെട്ടതെന്ന് പറയുന്നത്. ഇതിനെ ബലാത്സംഗമെന്ന് പറയാനാവുമോ? ആ കുട്ടി ഗര്‍ഭിണിയായിരുന്നോ അതോ പ്രണയ ബന്ധമുണ്ടായിരുന്നോ എന്നും മമത ചോദിച്ചു.

പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനോട് ചോദിച്ചിരുന്നു. പോലീസ് ഈ വിഷയത്തില്‍ അറസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഒരു പയ്യനുമായി ഈ പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നതെന്ന് മമത പറഞ്ഞു. പതിനാലുകാരി പിറന്നാള്‍ പാര്‍ട്ടിക്കായി എത്തിയപ്പോഴാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഏപ്രില്‍ അഞ്ചിന് ഈ കുട്ടി മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് പോലും അനുവദിക്കാതെയാണ് മകളുടെ മൃതദേഹം സംസ്‌കരിക്കേണ്ടി വന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. തൃണമൂലിന്റെ പഞ്ചായത്ത് നേതാവില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംസ്‌കാരം നടത്തേണ്ടി വന്നതെന്ന് കുടുംബം ആരോപിച്ചു.
തൃണമൂല്‍ നേതാവിന്റെ മകന്‍ ബ്രജ് ഗോപാല്‍ ഗോളയാണ് പ്രതി സ്ഥാനത്തുള്ളത്. ഇയാളും കൂട്ടുകാരും ചേര്‍ന്നാണ് ഈ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് പോലീസിന് പരാതി ലഭിച്ചത്. പെണ്‍കുട്ടി അഞ്ചാം തിയതിയാണ് മരിച്ചതെന്ന് മമത വെളിപ്പെടുത്തി. എന്നാല്‍ പോലീസിന് ഇതറിയാന്‍ സാധിച്ചത് ഈ മാസം പത്തിനാണ്. ഏപ്രില്‍ അഞ്ചിന് ആ പെണ്‍കുട്ടി മരിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് അവര്‍ പരാതി നല്‍കിയില്ല. സംഭവം നടന്ന അന്ന് തന്നെ അവര്‍ പോലീസിനെ സമീപിക്കാത്തത് എന്തുകൊണ്ടാണ്. അവര്‍ ആ മൃതദേഹം അടക്കം ചെയ്തു. പോലീസിന് എവിടെ നിന്നാണ് പിന്നെ തെളിവുകള്‍ കിട്ടുകയെന്നും മമത ചോദിച്ചു.
അതൊരു പ്രണയബന്ധമാണ്. അക്കാര്യം എനിക്ക് ഉറപ്പിക്കാനാവും. ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇക്കാര്യം അറിയാമായിരുന്നു. രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാണെങ്കില്‍ ഞാനത് തടയാന്‍ പാടുണ്ടോ? ഇത് ഉത്തര്‍പ്രദേശല്ല. ഞങ്ങളിവിടെ ലവ് ജിഹാദ് കളിക്കാറില്ല. ഇത് ആ രണ്ട് പേരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ തീര്‍ച്ചായായും പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യും. ഒരാളെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മമത പറഞ്ഞു. രാവിലെ മുതല്‍ മാധ്യമങ്ങളില്‍ എന്ത് തലക്കെട്ട് വരണമെന്ന് ബിജെപിയാണ് തീരുമാനിക്കുന്നത്. വാര്‍ത്താ ചാനലുകള്‍ അതാണ് പിന്തുടരുന്നതെന്നും മമത കുറ്റപ്പെടുത്തി.
ഈ മാധ്യങ്ങളൊക്കെ എത്ര തവണ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എത്ര തവണ ഇവരൊക്കെ ഡല്‍ഹി കലാപത്തെകുറിച്ചും എന്‍ആര്‍സിയെ കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മമത ചോദിച്ചു. അതേസമയം സംസ്ഥാനത്ത് പന്ത്രണ്ട് മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ നിശബ്ദ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപി നേതാവ് അര്‍ച്ചന മജുംദാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ പിതാവ് തൃണമൂല്‍ നേതാവ് സമര്‍ ഗോളയ്‌ക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. ഇയാളുടെ മകന്റെ ക്ഷണപ്രകാരമാണ് തന്റെ മകള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പോയതെന്ന് പിതാവ് കുറ്റപ്പെടുത്തുന്നു.
വൈകീട്ട് ഏഴരയോടെ തന്റെ മകളെ അവര്‍ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു. എന്റെ ഭാര്യ മാത്രമായിരുന്നു ഉള്ളത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ചേര്‍ന്നാണ് മകളെ വീട്ടില്‍ വിട്ടതെന്ന് ഭാര്യ പറഞ്ഞു. ഞങ്ങള്‍ക്ക്അവരെ അറിയില്ല. വീട്ടിലെത്തിയ സമയം ദേഹത്ത് നിന്ന് ചോര നിലയ്ക്കാതെ വരുന്നുണ്ടായിരുന്നു. അടുത്ത ദിവസം അവളുടെ ആരോഗ്യ നില മോശമായി. ഡോക്ടറെ അന്വേഷിക്കാന്‍ ഞങ്ങള്‍ പോയി. പക്ഷേ തിരിച്ചുവന്നപ്പോഴേക്കും അവള്‍ കൊല്ലപ്പെട്ടിരുന്നു. സമര്‍ ഗോളയുടെ മകനും തന്റെ മകളും തമ്മില്‍ പ്രണയത്തിലായിരുന്നു. അവളെ അവന്‍ ബലാത്സംഗം ചെയ്തതാണ്. പുറത്തുപറഞ്ഞാല്‍ വീടടക്കം കത്തിച്ച് കളയുമെന്നായിരുന്നു ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications