നീതി ആയോഗ് യോഗത്തിനിടെ മമതയുടെ മൈക്ക് ഓഫ് ചെയ്തിട്ടില്ല, പറയുന്നത് കള്ളം; നിർമല സീതാരാമൻ
ഡല്‍ഹി: നീതി ആയോഗ് ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മൈക്ക് 'മ്യൂട്ട്' ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമായിരുന്നു മമത പറഞ്ഞത്. ബംഗാൾ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് ധനമന്ത്രി പറഞ്ഞു.
'നിതി ആയോഗ് യോഗത്തിൽ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും യോഗത്തിൽ സംസാരിക്കാൻ കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തിൽ അവർ മാധ്യമങ്ങളോട് പറയുന്നത് കേട്ടു. എന്നാൽ അത് തീർത്തും തെറ്റാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാൻ അവർ തയ്യാറാകണം', നിർമ്മല സീതാരാമൻ പറഞ്ഞു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഇത് സംബന്ധിച്ച് ഫാക്ട് ചെക്ക് പങ്കുവെച്ചിട്ടുണ്ട്. മമതയുടേത് തെറ്റിധരിപ്പിക്കുന്ന പ്രതികരണമാണെന്നാണ് പിഐബി എക്സൽ കുറിച്ചത്. ക്ലോക്ക് അവരുടെ സമയം കഴിഞ്ഞെന്ന് മാത്രമാണ് കാണിച്ചതെന്നും സമയം അവസാനിച്ചത് സംബന്ധിച്ച് ബെല്ല് അടിച്ചില്ലെന്നും ഫാക്ട് ചെക്ക് പോസ്റ്റിൽ പറയുന്നു.
ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിക്ക് സംസാരിക്കാൻ സമയം അനുവദിച്ചിരുന്നത്. വളരെ പെട്ടെന്ന് മടങ്ങിപ്പോകണമെന്നും നേരത്തേ സംസാരിക്കാൻ അനുവദിക്കണമെന്നും ബംഗാൾ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനാൽ ഏഴാമതായാണ് അവർ സംസാരിച്ചതെന്നും പിഐബി പോസ്റ്റിൽ പറയുന്നു.
സംസാരിക്കാൻ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് മമത ബാനർജി യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ തന്റെ മൈക്ക് ഓഫ് ചെയ്തുവെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചത്. 'ചന്ദ്രബാബു നായിഡുവിന് സംസാരിക്കാൻ 20 മിനിറ്റ് അനുവദിച്ചു. അസം, ഗോവ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ 10-12 മിനിറ്റ് സംസാരിച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് എനിക്ക് സംസാരിക്കാൻ അവസരം തന്നത്.സംസ്ഥാനങ്ങളെ വിവേചനത്തോടെ കാണരുതെന്ന് ഞാൻ കേന്ദ്രസർക്കാരോട് പറഞ്ഞു. എനിക്ക് കൂടുതൽ സംസാരിക്കണമായിരുന്നു, എന്നാൽ എന്റെ മൈക്ക് ഓഫാക്കി. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാൻ അവർ അനുവദിച്ചില്ല. ഇത് അപമാനകരമാണ്, ബംഗാളിനോട് മാത്രമല്ല, എല്ലാ പ്രാദേശിക പാർട്ടികളോടുമുള്ള അപമാനമാണ്, എന്നായിരുന്നു മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications