മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം: പിടിയിലായ ഷരീഖിന് തീവ്രവാദ ബന്ധമെന്ന് പോലീസ്, വീട്ടിൽ പരിശോധന
മൈസൂര്‍: മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനക്കേസില്‍ പിടിയിലായ ഷരീഖിന് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്. ഷരീഖിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ടാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ പൊട്ടിത്തെറിയുണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രക്കാരനായിരുന്നു ഷരീഖ്. പ്രഷര്‍ കുക്കര്‍ സ്‌ഫോടനമാണ് നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഓട്ടോറിക്ഷയില്‍ നിന്നും കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വലിയ ദുരന്തം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുളള തീവ്രവാദ പ്രവര്‍ത്തനമാണ് നടന്നത് എന്നാണ് കര്‍ണാടക പോലീസ് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്. ഷരീഖിന്റെ പരിക്ക് ഗുരുതരമായത് കൊണ്ട് പോലീസിന് ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്.

ഷരീഖില്‍ നിന്നും ഒരു ആധാര്‍ കാര്‍ഡ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഹുബ്ലിയില്‍ താമസിക്കുന്ന പ്രേംരാജ് ഹുട്ടഗി എന്നയാളുടേതാണ് ഈ ആധാര്‍ കാര്‍ഡ് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. തുമാക്കുരു റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരനായ ഇയാള്‍ തന്റെ ആധാര്‍ കാര്‍ഡ് മാസങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടിരുന്നതായും പകരം ഡ്യൂപ്ലിക്കേറ്റ് വാങ്ങിയിട്ടുണ്ടെന്നും പോലീസിന് മൊഴി നല്‍കി. വ്യാജ ആധാര്‍ കാര്‍ഡ് കയ്യില്‍ സൂക്ഷിച്ചു എന്നത് ഷരീഖിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു എന്നതിനുളള തെളിവാണെന്ന് പോലീസ് പറയുന്നു. ഈ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഷരീഖ് മംഗളൂരുവില്‍ വീടെടുത്തത്.
അഴകോ അഴക്... സ്റ്റൈലൻ പോസിൽ ഭാവന, സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ ചിത്രങ്ങൾ
കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നത് അടക്കമുളള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷരീഖ് യുഎപിഎ കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട ആളാണെന്നും പോലീസ് പറയുന്നു. മംഗളൂരുവില്‍ ചുവരില്‍ ഗ്രാഫിറ്റി വരച്ചതിനാണ് കേസ്. ഷരീഖ് കര്‍ണാടക സ്വദേശി തന്നെയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന് പുറത്തേക്ക് ഇയാള്‍ നിരവധി തവണ യാത്രകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലുമാണ് ഇയാള്‍ പോയിട്ടുളളത്.
ഇന്ന് ഉച്ചയോടെയാണ് മഡഹള്ളിയിലുളള ഷരീഖിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ഷരീഖ് ഒരു മുറി വാടകയ്ക്ക് എടുത്തത്. മൊബൈല്‍ റിപ്പയര്‍ പരിശീലനത്തിന് വേണ്ടിയാണ് നഗരത്തില്‍ എത്തിയത് എന്ന് വീട്ടുടമയോട് പറഞ്ഞാണ് ഇയാള്‍ വാടകയ്ക്ക് മുറി സംഘടിപ്പിച്ചത്. ഇയാള്‍ കോയമ്പത്തൂരില്‍ നിന്ന് മറ്റൊരു പേരില്‍ സിം കാര്‍ഡും സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഇയാളുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ പോലീസ് ഷരീഖിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications