'കല്ല് കൊണ്ട് ഇടിച്ചു, ബെല്‍റ്റൂരി അടിച്ചു'; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണം
മംഗളൂരു: മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ 7 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. തലപ്പാടി, ഉള്ളാള്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെല്ലാവരും തീവ്രഹിന്ദുസംഘടന പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ 3 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ആശുപത്രിയിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായതെന്നാണ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ബന്ധു പറയുന്നത്. കല്ല് കൊണ്ട് ഇടിച്ചെന്നും ബെല്‍റ്റ് ഊരി അടിച്ചെന്നുമാണ് സംഭവത്തെക്കുറിച്ച് ബന്ധു പറഞ്ഞത്. മുടിയില്‍ പിടിച്ച് വലിച്ചിഴച്ചുവെന്നും ബോധം നഷ്ടപ്പെടും വരെ മര്‍ദ്ദിച്ചുവെന്നും ഇവര്‍ പറയുന്നു.

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; പേര് ചോദിച്ച ശേഷം വളഞ്ഞിട്ട് മർദ്ദിച്ചു
കഴിഞ്ഞദിവസമാണ്, 3 വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടന്നത്. ഉള്ളാൽ സോമേശ്വർ ബീച്ചിൽ വെച്ചാണ് കാസർകോട് സ്വദേശികളായ 3 വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. 3 ആൺകുട്ടികളും ഇവരുടെ സുഹൃത്തുക്കളുമാണ് ബീച്ചിൽ പോയത്. ഇതിന് പിന്നാലെ ഒരു സംഘം ആളുകളെത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ പേര് ചോദിച്ച ശേഷം ഇവർ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് മനസ്സിലായതോടെ ആക്രമിക്കുകയായിരുന്നു.
വിദ്യാർത്ഥികളെ തല്ലിച്ചതച്ച ശേഷം ആക്രമികൾ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് എത്തിയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചത്. തൊട്ടുപിന്നാലെ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications