കുക്കി ഭീകരത അവസാനിപ്പിക്കുമെന്ന് അമിത് ഷാ; പിന്നാലെ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുക്കി സംഘടന
ഇംഫാല്‍: മണിപ്പൂരിലെ നിരോധിത സംഘടനയായ കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ (കെ എന്‍ ഒ) നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗോത്രവര്‍ഗ താല്‍പ്പര്യം കണക്കിലെടുത്ത് വോട്ടര്‍മാര്‍ ബി ജെ പിയെ അനുകൂലിക്കണമെന്ന് കെ എന്‍ ഒ നിര്‍ദേശം പുറപ്പെടുവിച്ചു. 12-ാം മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കാന്‍ കെ എന്‍ ഒ തീരുമാനിച്ചതായി സായുധ സംഘടന കത്തില്‍ പറഞ്ഞു. ഈ അപ്പീലിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയോ സംഘടനയോ കുക്കി താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണക്കാക്കുമെന്ന് കത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയായ ബി ജെ പി നേതൃത്വവും കുക്കിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വേഗത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കത്തില്‍ പറയുന്നു. കെ എന്‍ ഒയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിലവിലുള്ള രാഷ്ട്രീയ സംഭാഷണത്തിന് അനുസൃതമാണ് ഇതെന്നും കത്തില്‍ പറയുന്നു. എല്ലാ കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായും കേന്ദ്രം സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് കുക്കി ബി ജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് എന്നതാണ് ശ്രദ്ധേയം.

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, ഒരു കുക്കി യുവാക്കള്‍ക്കും ഇനി ഒരിക്കലും ആയുധം എടുക്കേണ്ടിവരില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ കുക്കി ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന തീവ്രവാദ സംഘടനകളിലൊന്നാണ് കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍. 'ഞങ്ങള്‍ക്കുള്ളില്‍ ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ എല്ലാ കുക്കി സംഘടനകളുമായും സംസാരിക്കും, പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യത്തിന്റെയും മണിപ്പൂരിന്റെയും വികസനത്തില്‍ ചേരാന്‍ അവരെ പ്രാപ്തരാക്കാന്‍ എല്ലാ കുക്കി യുവാക്കള്‍ക്കും ഒരു പുതിയ ജീവിതം നല്‍കും,' അമിത് ഷാ പറഞ്ഞു.

അസം, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന ഒരു ഗോത്ര വിഭാഗമാണ് കുക്കികള്‍. കഴിഞ്ഞ സെന്‍സസ് പ്രകാരം മണിപ്പൂരിലെ കുക്കി ഗോത്രത്തിന്റെ ജനസംഖ്യ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷനെ കൂടാതെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട് എന്ന സംഘടനയും മണിപ്പൂരിലെ കുക്കി ഗോത്രത്തിന് പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. ബോഡോ തീവ്രവാദത്തിന്റെ പ്രശ്‌നം അയല്‍സംസ്ഥാനമായ അസമില്‍ പരിഹരിച്ചുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. 'ഞങ്ങള്‍ അവരെ (ബോഡോ വിമതരെ) വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നു, ഇന്ന്, ഒരു ബോഡോ യുവാക്കളുടെയും കൈകളില്‍ ആയുധമില്ല.

പകരം, അവര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ താക്കോല്‍, വ്യവസായങ്ങളുടെ താക്കോല്‍, ലാപ്ടോപ്പുകള്‍ എന്നിവയുണ്ട്,' ഷാ പറഞ്ഞു. കര്‍ബി പ്രദേശങ്ങളിലും ഇത് തന്നെ ചെയ്തു, വടക്ക്-കിഴക്കന്‍ മേഖലയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട 9,500-ലധികം ആളുകള്‍ കീഴടങ്ങി മുഖ്യധാരയില്‍ ചേര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു. മണിപ്പൂരില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബി ജെ പിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ അമിത് ഷാ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗ് സംസ്ഥാനത്തെ ബന്ദില്‍ നിന്നും ഉപരോധങ്ങളില്‍ നിന്നും മോചിപ്പിച്ചതായും സംസ്ഥാനത്തെ സമാധാനത്തിന്റേയും വികസനത്തിന്റേയും പാതയിലേക്ക് നയിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
Recommended Video

യുവാക്കളെ മയക്കുമരുന്നില്‍ നിന്നും ആയുധങ്ങളില്‍ നിന്നും മോചിപ്പിച്ച് മണിപ്പൂരിനെ രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്സ് ഹബ്ബാക്കി ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാക്കളാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സംസ്ഥാനത്ത് സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനത്തെ 16 ജില്ലകളിലും ഒരു ഖേലോ ഇന്ത്യാ സെന്റര്‍ വീതം സ്ഥാപിച്ച് പ്രാദേശിക പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് വേദിയൊരുക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിലുള്ള കളിക്കാര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ നല്‍കുന്നതിനായി 10 ഏക്കറില്‍ ഒരു 'ഒളിമ്പിക് പാര്‍ക്ക്' നിര്‍മ്മിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായി ഫെബ്രുവരി 28 നും മാര്‍ച്ച് 5 നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications