Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ ശാന്തമാകാന്‍ സമയമെടുക്കുമെന്ന് സൈന്യം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം

ഇംഫാല്‍: ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കലാപമായി മാറിയ മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ സമയമെടുക്കുമെന്ന് സൈന്യം. ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും സൈന്യം അറിയിച്ചു. വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇപ്പോഴും. എല്ലാം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ പ്രതികരിച്ചു.

അതേസമയം, കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും ധാരണയായി. നഷ്ടപരിഹാര തുക കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും തുല്യമായി വഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ബിരേന്‍ സിങും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

manipur

സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സൈന്യവും പോലീസും. കിംവദന്തികളില്‍ വിശ്വസിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഔദ്യോഗിക ഫോണ്‍ നമ്പറുകള്‍ പരസ്യമാക്കിയിട്ടുണ്ട്. ഭക്ഷണം, പെട്രോള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച രാത്രിയാണ് അമിത് ഷാ മണിപ്പൂരിലെത്തിയത്. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാര്‍ ദേക എന്നിവരും അമിത് ഷായോടൊപ്പമുണ്ട്. വനിതാ സംഘടനകളുടെ പ്രതിനിധികളുമായി അമിത് ഷാ ചര്‍ച്ച നടത്തി. ഇന്ന് നിരവധി സംഘടനകളുമായും പൗര പ്രമുഖരുമായും ചര്‍ച്ചകള്‍ നടക്കും. സംഘര്‍ഷ മേഖല അദ്ദേഹം സന്ദര്‍ശിക്കും.

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരിലുണ്ടായതെന്നും തീവ്രവാദ ആക്രമണമല്ലെന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. ക്രമസമധാന പ്രശ്‌നമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും സൈന്യം നല്‍കുന്നുണ്ട്. സംഘര്‍ഷ സാഹചര്യം ഒഴിവാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മെയ് മൂന്നിന് നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിച്ചത്. മലയോര ജില്ലകളിലായിരുന്നു മാര്‍ച്ച്. ഭൂരിപക്ഷ വിഭാഗമായ മെയ്‌തെയ് സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പിന്നീട് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

വനമേഖലയില്‍ താമസിക്കുന്ന കുകി സമുദായംഗങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമവും സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായി. നേരത്തെ കുകി സമുദായക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ മെയ്‌തെയ് വിഭാഗം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് കുകി സമുദായം പറയുന്നത്. മണിപ്പൂര്‍ ജനസംഖ്യയില്‍ 53 ശതമാനം മെയ്‌തെയ് വിഭാഗമാണ്. ഇവര്‍ ഇംഫാല്‍ താഴ്‌വരയിലാണ് താമസം. മലയോര മേഖലയില്‍ താമസിക്കുന്ന കുകി, നാഗാ ആദിവാസി വിഭാഗം 40 ശതമാനത്തോളം വരും.

സംഘര്‍ഷത്തില്‍ തിങ്കളാഴ്ചയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. 140 കമ്പനി പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. 10000 ലധികം സൈനികരും അസം റൈഫിള്‍സ് ഭടന്മാരുമുണ്ട്. ഇതിന് പുറമെ അര്‍ധസേനാ വിഭാഗത്തെയും നിയോഗിച്ചു. ചൈനീസ് നിര്‍മിത ആയുധങ്ങളുമായി ചിലര്‍ പിടിയിലായത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. 40 കുകി വിഭാഗത്തില്‍പ്പെട്ട സായുധരെ സൈന്യം വധിച്ച കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+