മുംബൈയില്‍ വിഷമദ്യദുരന്തം, 25 മരണം, 10പേര്‍ ഗുരുതരാവസ്ഥയില്‍
മുംബൈ: മെട്രോ നഗരമായ മുംബൈയില്‍ വിഷമദ്യ ദുരന്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നു. മലഡിലെ ലക്ഷ്മിനഗര്‍ ചേരിപ്രദേശത്താണ് വ്യാജമദ്യം കഴിച്ച് ഒട്ടേറെപ്പേര്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയും ഇന്നലെ രാത്രിയിലുമായി മദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരില്‍ കൂടുതലും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തുണിക്കച്ചവടക്കാരുമാണ്. മദ്യം കഴിച്ച് അല്‍പസമയത്തിനകം ഇവര്‍ ഛര്‍ദ്ദിച്ചുതുടങ്ങുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ചെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മള്‍വാനി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. ആറ് ടീമുകളായി തിരിഞ്ഞാണ് പോലീസ് രംഗത്തിറങ്ങിയത്. പോലീസ് സംഘം മദ്യവില്‍പന തടയുകയും മദ്യം വിറ്റിരുന്ന വീട് അടച്ചുപൂട്ടുകയും ചെയ്തു. പത്തും മുപ്പതും രൂപയ്ക്കാണ് ഇവിടെ പാക്കറ്റ് ചാരായം വിറ്റിരുന്നതത്രെ. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ മദ്യം വില്‍ക്കുന്ന ആളാണ് പിടിയിലായവരില്‍ ഒരാളായ രാജു ഫെര്‍ണാണ്ടസ്.
രണ്ട് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫെര്‍ണാണ്ടസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മള്‍വാനി പോലീസ് കേസ് പിന്നീട് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍ എല്ലാവരും.












Click it and Unblock the Notifications