രാജ്യത്തെ നാണിപ്പിച്ച് വീണ്ടും കൂട്ട കോപ്പിയടി; വീഡിയോ പുറത്ത്
മധുര: രാജ്യത്തെ നാണക്കേടിലാക്കിയ ബിഹാര്‍ കൂട്ടക്കോപ്പിയടി ദൃശ്യങ്ങള്‍ക്കുശേഷം സമാന രീതിയിലുള്ള വീഡിയോ വീണ്ടും പുറത്തുവന്നു. ഇത്തവണ ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. ബോര്‍ഡ് പരീക്ഷയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ വ്യാപകമായ തോതില്‍ കോപ്പിയടിക്കുന്നത് വീഡിയോയില്‍ കാണാം.
ബിഹാറില്‍ നിന്നും കഴിഞ്ഞവര്‍ഷം പുറത്തുവന്ന വീഡിയോയ്ക്ക് സമാനമായതാണ് പുതിയ ദൃശ്യങ്ങളും. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികളുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടംകൂടി നില്‍ക്കുന്നതും കോപ്പിയടിക്കുള്ള കടലാസു തുട്ടുകള്‍ ജനല്‍വഴി കൈമാറുന്നതുമെല്ലാം വീഡിയോയില്‍ കുടുങ്ങിയിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.

മാര്‍ച്ച് 1ന് നടന്ന പരീക്ഷയുടെ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരിക്കുന്നത്. സംഭത്തില്‍ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പരീക്ഷ നിരീക്ഷിക്കാനെത്തിയ അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരില്‍ ബിഹാറില്‍ നിന്നും 1,200 പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോപ്പിയടിച്ചതിന്റെ പേരില്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് 10,000 രൂപ പിഴയും, മൂന്നുവര്‍ഷത്തേക്ക് അയോഗ്യതയുമാണ് ശിക്ഷ നല്‍കുക. കഴിഞ്ഞവര്‍ഷം കൂട്ട കോപ്പിയടി പിടികൂടിയതിനെ തുടര്‍ന്നായിരുന്നു നിയമം കൂടുതല്‍ കര്‍ശനമാക്കിയത്.












Click it and Unblock the Notifications