ഡൽഹിയിലെ രോഹിണിയിൽ വൻ തീപിടുത്തം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, 800 കുടിലുകൾ കത്തിനശിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ തീപിടുത്തം. ഡൽഹി രോഹിണിയിലെ ഒരു ചേരിയിൽ ഞായറാഴ്‌ച രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, രാവിലെ 11:55ഓടെയാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മേഖലയിൽ അഞ്ച് ഏക്കറോളം സ്ഥലത്ത് തിങ്ങിനിറഞ്ഞ കുടിലുകൾ വ്യാപിച്ചു കിടക്കുന്ന ഇടത്താണ് തീപിടുത്തം നാശം വിതച്ചത്. തീപിടുത്തത്തിന്റെ ഫലമായി ആകാശത്തേക്ക് കട്ടിയുള്ള പുക മേഘങ്ങൾ ഉയർന്നുപൊങ്ങുകയും ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ ഏകദേശം മൂന്ന് മണിക്കൂറോളം അക്ഷീണം പ്രയത്നിച്ചതിന് ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.

രണ്ടര വയസുള്ള കുട്ടിയുടെയും മൂന്ന് വയസുള്ള കുട്ടിയുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അവശിഷ്‌ടങ്ങളിൽ നിന്ന് കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (രോഹിണി) അമിത് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ 20ലധികം ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് അയച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ആളുകളുടെ വീട്ടുപകരണങ്ങൾ, പണം, സ്വർണ്ണം, റിക്ഷകൾ, എല്ലാം കത്തിനശിച്ചു. അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഇടത്തെ കുടിലുകൾ പൂർണമായും കത്തി നശിച്ച സാഹചര്യമാണ്. അഗ്നിശമന സേനയ്‌ക്കൊപ്പം ഒന്നിലധികം പോലീസ് സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ഇവരും രക്ഷാ പ്രവർത്തനത്തിൽ സജീവമായി തന്നെ പങ്കെടുത്തു.
ഒരു കുടിലിൽ നിന്നാണ് തീ പടർന്നതെന്നും ഉടൻ തന്നെ പ്രദേശം മുഴുവൻ തീ ആളിക്കത്തിയതായും ഡിഎഫ്എസ് അറിയിച്ചു. സ്ഥലത്തിന്റെ പ്രത്യേകത കാരണം അഗ്നിശമന സേനാംഗങ്ങൾക്ക് കാര്യമായ തടസങ്ങൾ നേരിടേണ്ടി വന്നതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇത് കൂടി ആയതോടെയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വൈകിയത്.
ദുരിതബാധിത പ്രദേശത്തിന് മുന്നിൽ അതിർത്തി മതിലുകളുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയം ഉള്ളതിനാൽ ഇവിടേക്കുള്ള എത്തിപ്പെടൽ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് അഗ്നിശമനാ സേനാംഗങ്ങൾ പറയുന്നത്. ഇതോടെ ഫയർ എഞ്ചിനുകൾ ഒന്നിനു പുറകെ ഒന്നായി നിരന്നു നിൽക്കേണ്ടിവന്നതിനാൽ രക്ഷാപ്രവർത്തനം വൈകുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ തീപിടുത്തത്തിന്റെ കൃത്യമായി കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് സംഘടിത വൈദ്യുത വയറിംഗ് സംവിധാനങ്ങളൊന്നുമില്ല, പക്ഷേ നിരവധി എൽപിജി സിലിണ്ടറുകൾ കണ്ടെത്തിയിട്ടുണ്ട്, അത് തീ പടരാൻ കാരണമായിരിക്കാം എന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂ.












Click it and Unblock the Notifications