ബിഎസ്പിയെ ഇനി 28 കാരന്‍ ആകാശ് ആനന്ദ് നയിക്കും: മരുമകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മായാവതി
ഡല്‍ഹി: ബി എസ് പിയിലെ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പാർട്ടി മേധാവിയും മുന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ അനന്തരവനായ ആകാശ് ആനന്ദയാരിക്കും ബി എസ് പിയിലെ തന്റെ പിന്തുടർച്ചക്കാരനെന്നാണ് മായാവതി ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മറ്റ് പല മുതിർന്ന നേതാക്കളും ഉണ്ടെന്നിരിക്കെയാണ് 28 കാരനായ ആകാശ് ആനന്ദിന്റെ കൈകളിലേക്ക് മായാവതി ബി എസ് പിയുടെ അധികാരം കൈമാറുന്നത്.

കഴിഞ്ഞ വർഷം മുതൽ പാർട്ടി കാര്യങ്ങളുടെ ചുമതല വഹിച്ച് വരികയായിരുന്നു ആകാശ് ആനന്ദെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബി എസ് പി രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന വ്യക്തിയാണ് ആകാശ് ആനന്ദ്. 2022-ൽ രാജസ്ഥാനിലെ അജ്മീറിൽ നടത്തിയ പദയാത്രയിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ചർച്ചകളിലും മാത്രമായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സജീവമായിരുന്നത്.
2016ൽ ബിഎസ്പിയിൽ ചേർന്ന ആനന്ദ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. അതേസമയം തന്നെ പാർട്ടി പ്രവർത്തകർക്കിടയില്‍ അദ്ദേഹം അത്ര സ്വീകാര്യനുമല്ല.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആനന്ദിനെ ഏൽപ്പിച്ചതായി യോഗത്തിൽ പങ്കെടുത്ത പാർട്ടി നേതാക്കൾ പറഞ്ഞു.
'ഭാവിയിൽ ആകാശ് ആനന്ദ് ജി തന്റെ പിൻഗാമിയാകുമെന്ന് ഞങ്ങളുടെ നേതാവ് (മായാവതി) പറഞ്ഞിട്ടുണ്ട്. പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതലയും അവർ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. യുപിയിലും ഉത്തരാഖണ്ഡിലും പാർട്ടിയെ നയിക്കുന്നത് താൻ തുടരുമെന്നും ആനന്ദ് ജി മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയെ നയിക്കുമെന്നും അവർ പറഞ്ഞു'-യോഗത്തില്‍ പങ്കെടുത്ത ഒരു ബി എസ് പി അംഗം പറഞ്ഞു.
അതേസമയം, അമോറയില്‍ നിന്നും എംപി ഡാനിഷ് അലിയെ കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ആരോപിച്ചായിരുന്നു ബി എസ് പിയുടെ നടപടി. ടി എം സി എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതില്‍ പാർലമെന്റില്‍ പ്രതിഷേധിച്ചത് ഉള്‍പ്പെടേയുള്ള നടപടികളാണ് ബി എസ് പി നേതൃത്വത്തെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications