മൻമോഹൻ ചുണ്ടനക്കി, ഞങ്ങളെ ഞെട്ടിച്ചു! മോദി നേരിട്ട് രംഗത്തെത്തി, രാഹുലിന് മൗനം! തുറന്നടിച്ച് രാജേഷ്
തിരുവനന്തപുരം: മലയാളിയായ മത്സ്യത്തൊഴിലാളി അടക്കം രണ്ട് പേരെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യാനാകില്ലെന്ന അന്താരാഷ്ട്ര കോടതി വിധി ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുമ്പോഴാണ് സംഭവം നടന്നത് എങ്കിൽ മോദി ഭരണകാലത്ത് നാവികർക്ക് ഇന്ത്യ വിടാനായി.
ആഗസ്താ വെസ്റ്റ് ലാൻഡ് ഇടപാടിൽ സോണിയക്കെതിരെ മൊഴി നൽകിയാൽ കടൽക്കൊലക്കേസ് പ്രതികളെ കൈമാറാമെന്ന് മോദി വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നുവെന്ന് സിപിഎം മുൻ എംപി എംബി രാജേഷ് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസും ബിജെപിയും കൂടി അധികാരം ഉപയോഗിച്ച് ഇരു പ്രതികളേയും സുരക്ഷിതരായി സ്വന്തം നാട്ടിലെത്തിച്ചു കൊടുത്തുവെന്നും രാജേഷ് തുറന്നടിക്കുന്നു.

അമ്പരപ്പിക്കുന്ന ഒരു അനുഭവം
കടൽക്കൊലയും ഇറ്റലിയും രാജ്യസ്നേഹവും എന്ന തലക്കെട്ടിലാണ് എംബി രാജേഷിന്റെ കുറിപ്പ്: '' എട്ടു കൊല്ലം മുമ്പ് എനിക്കുണ്ടായ അമ്പരപ്പിക്കുന്ന ഒരു അനുഭവമാണ്. ഇപ്പോൾ വീണ്ടും ഓർമ്മിക്കാനിടയായതിന് കാരണം മാദ്ധ്യമ വാർത്തകളാണ്. കടൽക്കൊല കേസിലെ പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരായ വിചാരണ അന്താരാഷ്ട്ര കോടതി ഒഴിവാക്കിയതിൻ്റെ വാർത്തകൾ. 2012 ൽ സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടികൊണ്ടു പോയ ഒരു കപ്പലിലെ ജീവനക്കാരിൽ ചില മലയാളികളും ഉണ്ടായിരുന്നു.

വിവാദം ആളിക്കത്തുന്ന സമയം
കേരളത്തിൽ അന്ന് ഇറ്റാലിയൻ കപ്പലിലുള്ളവർ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നതു സംബന്ധിച്ചുള്ള വിവാദം ആളിക്കത്തുന്ന സമയമാണ്. അറസ്റ്റിലായ അവരെ ഇറ്റലിക്ക് കൈമാറാനുള്ള ശക്തമായ നീക്കങ്ങൾക്കെതിരെ കേരളത്തിൽ പ്രതിഷേധം കനത്തു നിന്നു. അതിനിടയിലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും അകപ്പെട്ട പ്രശ്നം. സോമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരിൽ ഒരാൾ ഒറ്റപ്പാലം കോതകുർശ്ശി സ്വദേശി മിഥുനായിരുന്നു. ഭീമമായ മോചനദ്രവ്യമാണ് കൊള്ളക്കാരുടെ ആവശ്യം. മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടുക മാത്രമേ വഴിയുളളൂ.

മൻമോഹൻ സിങ്ങിനെ കാണാൻ
അദ്ദേഹത്തിൻ്റെ കുടുംബം എം.പി. എന്ന നിലയിൽ എൻ്റെ സഹായം അഭ്യർത്ഥിച്ചു. ജീവനക്കാരിലൊരാൾ ചാലക്കുടി മണ്ഡലത്തിലുള്ള ആളായിരുന്നു. അവിടുത്തെ എം.പി.യായിരുന്ന ശ്രീ. പി.സി.ചാക്കോയും ഞാനും പാർലിമെൻ്റിൽ വിഷയം അവതരിപ്പിച്ചു. കൊള്ളക്കാരാണ്. കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതിയും ബുദ്ധിമുട്ടുമുണ്ട് എന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി. അതോടെ ചാക്കോയും ഞാനും ഒരുമിച്ച് പ്രധാനമന്ത്രി ശ്രീ. മൻമോഹൻ സിങ്ങിനെ തന്നെ കാണാൻ തീരുമാനിച്ചു.

മൻമോഹൻ സിങ്ങ് എല്ലാം കേട്ടു
ശ്രീ.ചാക്കോ അന്നു തന്നെ ഞങ്ങൾക്കിരുവർക്കും പ്രധാനമന്ത്രിയെ സന്ദർശിക്കാനുള്ള അപ്പോയിൻ്റ്മെൻറ് സംഘടിപ്പിച്ചു. ഞങ്ങളിരുവരും കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരുടെ അവസ്ഥയും ജീവൻ അപകടത്തിലാണെന്ന കാര്യവും കുടുംബത്തിൻ്റെ കരച്ചിലും വേദനയുമെല്ലാം സാമാനും വിശദമായി തന്നെ പ്രധാനമന്ത്രിയോട് പറഞ്ഞു. ഒട്ടും അക്ഷമയില്ലാതെ , നിർന്നിമേഷനായി മൻമോഹൻ സിങ്ങ് എല്ലാം കേട്ടു. പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് വളരെ സമാധാനവും ആശ്വാസവും തോന്നി. എല്ലാം കാതു കൂർപ്പിച്ചു കേട്ട പ്രധാനമന്ത്രിയിൽ നിന്ന് അവരെ രക്ഷിക്കുമെന്ന ഉറപ്പ് പ്രതീക്ഷിച്ചു.

മറുപടി പക്ഷേ ഞെട്ടിച്ചു
അദ്ദേഹം മൃദുവായി ചുണ്ടനക്കി തുടങ്ങി. മുമ്പിലിരുന്ന ഞങ്ങളിരുവരും അദ്ദേഹത്തിൻ്റെ മുഖത്തേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.അദ്ദേഹത്തിൻ്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങൾ വിസ്തരിച്ചു പറഞ്ഞ കാര്യത്തെക്കുറിച്ച് ഒരക്ഷരം പറയാതെ അദ്ദേഹം നേരെ തുടങ്ങിയത് ഇറ്റാലിയൻ മറീനുകളെ ഇറ്റലിക്ക് കൈമാറുന്നതിനെക്കുറിച്ചായിരുന്നു! " ഇറ്റാലിയൻ മറീനുകളെ ഇവിടെ തന്നെ വിചാരണ ചെയ്യണം എന്ന കടുംപിടുത്തം കേരളം ഉപക്ഷിക്കണം. അതിന് നിങ്ങൾ എംപിമാരെല്ലാവരും കേന്ദ്ര സർക്കാരിനെ സഹായിക്കണം.

ഞാനും ചാക്കോയും അന്തം വിട്ടു
വലിയ നയതന്ത്ര സമ്മർദ്ദം കേന്ദ്ര സർക്കാരിനു മേലുണ്ട്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് ഈ പ്രശ്നം എത്തിയിരിക്കുന്നു." ഇതു കേട്ട് ഞെട്ടിത്തരിച്ചു പോയ ഞാനും ചാക്കോയും അന്തം വിട്ട് പരസ്പരം നോക്കി. പ്രധാനമന്ത്രിക്ക് വിഷയം മാറിയതാവും എന്ന ധാരണയിൽ ഇടപെട്ട് ഞങ്ങൾ പറഞ്ഞ പ്രശ്നം അതല്ലെന്ന് ഓർമിപ്പിക്കാൻ ശ്രമിച്ചു. അത് അവഗണിച്ച് അദ്ദേഹം തുടർന്നു.

നിരാശയും അതിലേറെ അവിശ്വസനീയതയും
" ഇക്കാര്യത്തിൽ ഒരു മൃദു സമീപനം സ്വീകരിക്കാതെ കഴിയില്ല." വീണ്ടും ഞങ്ങൾ വന്ന കാര്യം വേറെയാണെന്നു പറഞ്ഞപ്പോൾ നിങ്ങളുടെ നിവേദനം വിദേശകാര്യ മന്ത്രിക്ക് കൈമാറാമെന്ന് മാത്രം പറഞ്ഞു. നിരാശയും അതിലേറെ അവിശ്വസനീയതയുമായി ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി. മൻമോഹൻ സിങ്ങിൻ്റെ വാക്കുകൾക്കൊത്ത അയഞ്ഞ നിലപാട് കേന്ദ്രം സുപ്രീം കോടതിയിൽ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ദില്ലിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റി.

നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തി
ക്രിസ്മസ് ആഘോഷിക്കാൻ പരോളും കിട്ടി. പിന്നീട് ഒരു പ്രതിക്ക് 2014 സെപ്തംബറിൽ ഇറ്റലിയിലേക്ക് പോകാനും അനുമതി കിട്ടി. മുഖ്യ പ്രതിപക്ഷമായിരുന്ന ബി.ജെ.പി.യും കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പ്രതികൾ ഇറ്റലിക്കാരായത് അവർ പ്രത്യേകം ആയുധമാക്കി. കേന്ദ്രത്തിൻ്റെ മൃദു നിലപാടിനു കാരണം സോണിയയാണെന്ന് ആരോപിച്ച് നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തി. "മാഡം ദേശസ്നേഹിയാണെങ്കിൽ ആ പ്രതികൾ ഏതു ജയിലിലാണെന്ന് പറയാമോ?" എന്ന് മോദി ട്വീറ്റിലൂടെ സോണിയയയോട് ചോദിച്ചു.

ഗുരുതര ആരോപണം
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മോദി വിഷയമുയർത്തി ആഞ്ഞടിച്ചു. മോദി പ്രധാനമന്ത്രിയായി. ആഗസ്താ വെസ്റ്റ് ലാൻഡ് ഇടപാടിൽ സോണിയക്കെതിരെ മൊഴി നൽകിയാൽ കടൽക്കൊലക്കേസ് പ്രതികളെ കൈമാറാമെന്ന് മോദി വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണം ഉയർന്നു. 2015 സെപ്തംബറിൽ ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ വാഗ്ദാനം എന്നും ആരോപണത്തിൽ പറഞ്ഞു. അതെന്തായാലും മോദി സർക്കാർ സുപ്രീം കോടതിയിൽ നിലപാട് മാറ്റി.

എന്തൊരു കരുതൽ ?!
രണ്ടാമത്തെ പ്രതിയെ 'മാനുഷിക പരിഗണന' യുടെ പേരിൽ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കാമെന്ന നിലപാടെടുത്തു ! 2016 മെയ് മാസം 'ദേശസ്നേഹിയും 56 ഇഞ്ച് നെഞ്ചളവു 'കാരനുമായ മോദി പ്രധാനമന്ത്രിയുമായിരിക്കെ, ആ പ്രതിയും ഇറ്റലിയിലേക്ക് വിമാനം കയറി. കോൺഗ്രസും ബി.ജെ.പി.യും കൂടി അധികാരം ഉപയോഗിച്ച് ഇരു പ്രതികളേയും സുരക്ഷിതരായി സ്വന്തം നാട്ടിലെത്തിച്ചു കൊടുത്തു. എന്തൊരു കരുതൽ ?! ഇപ്പോഴിതാ അന്താരാഷ്ട്ര കോടതിയിലെ കേസും തോറ്റു കൊടുത്തിരിക്കുന്നു.

രാഹുൽ ഗാന്ധിക്ക് എന്തേ മൗനം?
ദരിദ്രരായ മൽസ്യത്തൊഴിലാളികളുടെ ചോരക്കും ജീവനും രണ്ടു കൂട്ടരും പുല്ലുവില കൽപ്പിച്ചില്ല. പാവപ്പെട്ടവരായതുകൊണ്ട് അവർ ഇന്ത്യൻ പൗരൻമാരല്ലേ? അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ പോലും കഴിയാത്ത കേന്ദ്ര സർക്കാർ എങ്ങിനെയാണ് രാജ്യതാൽപ്പര്യം സംരക്ഷിക്കുക? മോദി സർക്കാരിനെതിരെ എല്ലാറ്റിലും വിമർശനമുന്നയിക്കാറുള്ള രാഹുൽ ഗാന്ധിക്ക് ഈ അനീതിയിൽ എന്തേ മൗനം? കേരളത്തിൽ നിന്നുള്ള എം പി യായ രാഹുൽ ഗാന്ധി ഇനിയെങ്കിലും പ്രതികരിക്കുമോ?