ആകാശത്തോട് വിട ചൊല്ലി മിഗ്-21; അവസാനമായി പറന്നുയർന്നു, ദേശീയ അഭിമാനമാണെന്ന് രാജ്‌നാഥ് സിംഗ്
ചണ്ഡീഗഡ്: രാജ്യത്തെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനവും ഇന്റർസെപ്റ്റർ വിമാനവുമായ മിഗ്-21 സേവനം അവസാനിപ്പിച്ചു. 1960കളിൽ ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയതും രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിൽ ഒരു മഹത്തായ അധ്യായം രചിച്ചതുമായ മിഗ്-21 വിമാനത്തിന് ചണ്ഡീഗഡിലെ എയർ സ്‌റ്റേഷനിൽ വച്ചാണ് പ്രൗഢഗംഭീരമായ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉന്നത സൈനിക നേതാക്കൾ, വെറ്ററൻമാർ, അവരുടെ കുടുംബങ്ങൾ എന്നിവർ സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധവിമാനത്തിന്റെ 62 വർഷത്തെ വിശിഷ്‌ട സേവനത്തിന് അന്ത്യം കുറിക്കുന്നത് കാണാൻ ഒത്തുകൂടിയിരുന്നു. വിടവാങ്ങൽ ചടങ്ങിൽ മിഗ്-21 വിമാനങ്ങൾ, ജാഗ്വാറുകൾ, സൂര്യകിരൺ എയറോബാറ്റിക് ടീം എന്നിവയുടെ മനോഹരമായ ഫ്ലൈപാസ്‌റ്റ് എന്നിവ ഉൾപ്പെടെ ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏഴാമത്തെ വനിതാ യുദ്ധവിമാന പൈലറ്റായ സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയ്‌ക്കൊപ്പം അവസാന വിമാനം പറത്തി എയർ ചീഫ് മാർഷൽ എപി സിംഗും ബാദൽ രൂപീകരണത്തിൽ ചേർന്നു. ഇന്ന് വിമാനങ്ങളുടെ ഫ്ലീറ്റ് ഡീകമ്മീഷൻ ചെയ്‌തതോടെ അദ്ദേഹവും അവയുടെ അവസാന പറക്കലിൽ പങ്കാളിയായി.
ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് മിഗ്-21 വിമാനങ്ങളുടെ ഫോം 700 ലോഗ്ബുക്ക് വ്യോമസേനാ മേധാവി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറിയപ്പോൾ, യുദ്ധവിമാനങ്ങൾക്ക് ലാൻഡിംഗിൽ ജലപീരങ്കി സല്യൂട്ട് ഉൾപ്പെടെ ഒരുക്കിയിരുന്നു. ആക്രമണം മുതൽ രഹസ്യാന്വേഷണം വരെ, വർഷങ്ങളായി വ്യോമസേനയുടെ നട്ടെല്ലായിരുന്നു ഈ വിമാനങ്ങൾ.
'വളരെക്കാലമായി, മിഗ്-21 നിരവധി വീരകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിന്റെ സംഭാവന ഒരു സംഭവത്തിലോ ഒരു യുദ്ധത്തിലോ മാത്രമായി ഒതുങ്ങുന്നതല്ല. 1971ലെ യുദ്ധം മുതൽ കാർഗിൽ സംഘർഷം വരെ, അല്ലെങ്കിൽ ബാലകോട്ട് വ്യോമാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ, മിഗ്-21 നമ്മുടെ സായുധ സേനയ്ക്ക് വലിയ ശക്തി നൽകാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല' പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
മിഗ്-21 വെറുമൊരു വിമാനമോ യന്ത്രമോ മാത്രമല്ല, ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ആഴമേറിയ തെളിവ് കൂടിയാണെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. മിഗ്-21നെ ദേശീയ അഭിമാനമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നമ്മുടെ ആത്മവിശ്വാസം രൂപപ്പെടുത്തിയ ഈ വിമാനത്തോട് നമുക്ക് ആഴമായ അടുപ്പമുണ്ടെന്നും പറഞ്ഞു.
മിഗ്-21 വിമാനങ്ങളും ജാഗ്വാറുകളും തമ്മിലുള്ള ഒരു ഡോഗ് ഫൈറ്റ് ഡിസ്‌പ്ലേ, 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ട് അന്നത്തെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ നേതൃത്വം നൽകി. ചടങ്ങുകളുടെ ഭാഗമായി മിഗ്-21നെ കുറിച്ചുള്ള ഒരു പ്രത്യേക അനുസ്‌മരണ ദിന കവറും പുറത്തിറക്കിയിട്ടുണ്ട്.
1963-ൽ സേവനം തുടങ്ങിയ മിഗ്-21 നിരവധി സാഹചര്യങ്ങളിൽ രാജ്യത്തിന് വേണ്ടി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ, ശത്രു കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയപ്പോൾ, 1971-ൽ ധാക്ക ഗവർണർ ഹൗസിൽ നടത്തിയ ബോംബാക്രമണം യുദ്ധത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി.
പതിറ്റാണ്ടുകൾക്ക് ശേഷം, 2019-ലെ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം, ഒരു പാകിസ്ഥാൻ എഫ്-16 വെടിവെച്ചിട്ടുകൊണ്ട് മിഗ്-21 വീണ്ടും തങ്ങളുടെ കഴിവ് തെളിയിച്ചിരുന്നു. പഴയ ചരിത്രത്തിലെ പേരിൽ മാത്രമല്ല വിരമിക്കുന്നതിന്റെ മാസങ്ങൾക്ക് മുൻപ് ഏറ്റവും അടുത്തകാലത്ത്, ഓപ്പറേഷൻ സിന്ദൂരിൽ ഇത് ഫലപ്രദമായ പോരാട്ട ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്‌ത മിഗ്-21 1963ലാണ് ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്. വളരെ മെലിഞ്ഞതും, ഉയരത്തിൽ അതിശയിപ്പിക്കുന്ന വേഗതയുള്ളതും, അതി വേഗതയിൽ പറക്കാൻ കഴിവുള്ളതുമായ ഒരു പോർവിമാനമായിരുന്നു ഇത്. ഇവയ്ക്ക് പകരമായി ഇനി തേജസ് 97 തേജസ് മാർക്ക് 1 വിമാനങ്ങളാണ് എത്തുക. ഇതിനായി 62,370 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.












Click it and Unblock the Notifications