കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ അബോധാവസ്ഥയില്‍!! രക്ഷിച്ചത് ആ ഫോണ്‍ കോള്‍, വര്‍ധിക്കുന്ന ദുരൂഹത
ദില്ലിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ ബിഹാറില്‍ വച്ചാണ് കണ്ടെത്തിയത്
ദില്ലി: ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നു കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കഴിഞ്ഞ ദിവസം ബിഹാറിലെ പട്‌നയ്ക്കു സമീപത്തു വച്ച് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ദുരൂഹത വര്‍ധിപ്പിക്കുകയാണ് പോലീസ് പുറത്തുവിട്ട വിവരങ്ങള്‍.
മുന്‍ വ്യോമസേന ഉദ്യാഗസ്ഥനായ തൃശൂര്‍ കൊരട്ടി സ്വദേശിയായ ബിനുരാജിന്റെ മകള്‍ അഞ്ജലി (15), സുഹൃത്ത് സ്തുതി മിശ്ര (14) എന്നിവരെ തിങ്കളാഴ്ച വൈകീട്ട് മുതലാണ് കാണാതായത്.

ലഹരിയില്‍
ബിഹാറില്‍ വച്ച് ഇരുവരെയും പോലീസ് കണ്ടെത്തുമ്പോള്‍ ലഹരിയില്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

ആരെങ്കിലും കൊടുത്തതോ ?
കുട്ടികള്‍ക്ക് ആരെങ്കിലും ലഹരി കൊടുത്തതായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഫോണില്‍ വിളിച്ചു
കാണാതായ കുട്ടികളിലൊരാള്‍ പോലീസ് കണ്ടെത്തുന്നതിനു മുമ്പ് തന്നെ ഫോണില്‍ വിളിച്ചിരുന്നതായി രക്ഷിതാവ് പറയുന്നു. സംസാരിക്കുന്നതിനിടെ ഫോണ്‍ കട്ടാവുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

തിരിച്ചുവിളിച്ചു
ഫോണ്‍ കട്ടായപ്പോള്‍ താന്‍ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചതായും അപ്പോള്‍ മറ്റൊരാളാണ് ഫോണ്‍ എടുത്തതെന്നും രക്ഷിതാവ് പറയുന്നു. ട്രെയിനില്‍ വച്ച് തന്റെ ഫോണ്‍ വാങ്ങി പെണ്‍കുട്ടി വിളിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. കുട്ടികള്‍ പട്‌നയ്ക്കു മുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങിയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്ന് പോലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.

നമ്പര്‍ ഓര്‍ത്തെടുത്തു
പോലീസ് കണ്ടെത്തുമ്പോള്‍ രണ്ടു പെണ്‍കുട്ടികളും അബോധാവസ്ഥയിലായിരുന്നു. അവരിലൊരാള്‍ നേരിയ ബോധം വീണ്ടെടുത്തപ്പോള്‍ അച്ഛന്റെ ഫോണ്‍ നമ്പര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് അച്ഛനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

യാത്ര തുടങ്ങിയത് ബസില്‍
ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്ന് ബസിലാണ് അഞ്ജലിയും സ്തുതിയും യാത്രയാരംഭിച്ചതെന്നാണ് വിവരം. അതിനു ശേഷം ഹൗറിയിലേക്കുള്ള ഹിമഗിരി എക്‌സ്പ്രസില്‍ കയറുകയായിരുന്നുവെന്നും സൂചനയുണ്ട്.

കാണാതായത് വൈകീട്ട്
തിങ്കളാഴ്ച വൈകീട്ടാണ് അഞ്ജലി കൂട്ടുകാരിക്കൊപ്പം ഫോട്ടോസ്റ്റാറ്റ് എടുക്കാനും സാധനങ്ങള്‍ വാങ്ങാനും പുറത്തു പോയത്. രാത്രി എട്ടു മണിയായിട്ടും ഇരുവരും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി കുട്ടികള്‍ പോയെന്നായിരുന്നു കടയുടമയുടെ മൊഴി. വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കുട്ടികളെ കാണാതായതെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു.












Click it and Unblock the Notifications