'ജെഡിഎസുമായി സഖ്യമില്ല'; കർണാടകയിൽ ബിജെപിയുടെ 'മിഷൻ 150', വേറിട്ട നീക്കങ്ങൾ
ബെംഗളൂരു; കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി ജെ പി. ദക്ഷിണേന്ത്യയിൽ തങ്ങൾക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് ഇത്തവണ അധികാര തുടർച്ച നേടുമെന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്നും തനിച്ച് പോരാടാണ് തീരുമാനമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇക്കുറി 150 സീറ്റുകൾ ലക്ഷ്യം വെച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി ജെ ഡി എസുമായി സഖ്യമുണ്ടാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ജി കുമാരസ്വാമി നേരത്തേ നടത്തിയ ചില പ്രതികരണങ്ങളായിരുന്നു ഇത്തരം ചർച്ചകൾക്ക് കാരണമായത്. എന്നാൽ തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജെ ഡി എസ് പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിച്ചിരുന്നു. ഇപ്പോഴിതാ ബി ജെ പിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കർണാടകത്തിൽ തനിച്ച് പോരാടുമെന്നും തിരഞ്ഞെടുപ്പിൽ ആരുമായും കൈകോർക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് മൈസൂർ മേഖലയാണ്. ഇവിടെ ബി ജെ പിക്ക് കാര്യമായ സ്വാധീനമില്ലെന്ന് മാത്രമല്ല ഒരു സീറ്റ് മാത്രമാണ് നേടിയെടുക്കാൻ കഴിഞ്ഞത്. ജെ ഡി എസിന്റേയും കോൺഗ്രസിന്റേയും ശക്തി കേന്ദ്രമാണ് പഴയ മൈസൂർ മേഖല. എന്നാൽ കൃത്യമായ പദ്ധതികളോടെ ഇറങ്ങിയാൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാമെന്നതാണ് ബി ജെ പി വിലയിരുത്തൽ. ഇതിന്റെ ഭാഗമായി പ്രദേശത്തെ പ്രമുഖ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി ആരംഭിച്ച് കഴിഞ്ഞു.

കർണാടകയിലെ പല പ്രദേശങ്ങളിലും വ്യക്തികൾക്കാണ് പ്രധാന്യം എന്ന് ബി ജെ പി പറയുന്നു. അതുകൊണ്ട് കൂടിയാണ് മികച്ച നേതാക്കളെ ബി ജെ പിയിലേക്ക് മറുകണ്ടം ചാടിക്കാൻ പാർട്ടി ശ്രമിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല വിഭാഗമായ വൊക്കാലിഗ വിഭാഗത്തിനാണ് പഴയ മൈസൂർ മേഖലയിൽ സ്വാധീനം. സമുദായ നേതാക്കളേയും ബി ജെ പി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇത്തവണ മൈസൂർ മേഖലയിൽ കൂടുതൽ മുന്നേറ്റം ഉണ്ടാകാൻ ആകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹൈക്കമാന്റ്. മാണ്ഡ്യ, ഹസൻ, ചാംരാജ് നഗർ എന്നീ മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും ബി ജെ പി അവകാശപ്പെടുന്നു.

'പഴയ മൈസൂരു-കർണാടക മേഖല, ഹൈദരാബാദ്-കർണാടക മേഖല എന്നീ രണ്ട് മേഖലകളിൽ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ബി ജെ പി മേഖലയിൽ എസ് സി എസ്ടി, ഒ ബി സി മീറ്റുകൾ സംഘടിപ്പിച്ചിരുന്നു. വൊക്കാലിഗ സമുദായക്കാരായ ഏഴ് പേർ ഞങ്ങളുടെ മന്ത്രിസഭയിൽ ഉണ്ട്', കർണാടകയുടെ ചുമതലയുള്ള ബി ജെ പി നേതാവ് അരുൺ സിംഗ് പറഞ്ഞു. 'മോദി പ്രഭാവം' തന്നെയാണ് ഇക്കുറിയും ബി ജെ പി ട്രംപ് കാർഡ് എന്ന് നേതാക്കൾ പറയുന്നു. ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മൂന്ന് തവണ കർണാടക സന്ദർശിച്ച് കഴിഞ്ഞു. മോദിയുടെ കൂടുതൽ റാലികളും വരും ദിവസങ്ങളിൽ ബി ജെ പി പ്ലാൻ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications