മിതാലി രാജിന് ഒരു കോടി രൂപയും സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഐസിസി വനിതാ ലോകകപ്പിന് ശേഷം സ്വദേശമായ ഹൈദരാബാദിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് ഒരു കോടി രൂപയും വീടെടുക്കാന്‍ സ്ഥലവും തെലങ്കാന സര്‍ക്കാര്‍ സമ്മാനിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ക്യാപ്റ്റന് വീരോചിതമായ സ്വീകരണവും പാരിതോഷികവും സമ്മാനിച്ചത്.

അഞ്ചുതവണ ലോകകപ്പില്‍ പ്രതിനിധീകരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി ഫൈനലില്‍ ഇംഗ്ലണ്ടിനോട് കാലിടറിയെങ്കിലും രാജ്യമെങ്ങുനിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ശരാശരി ടീം മാത്രമായ ഇന്ത്യയെ ഫൈനല്‍വരെ എത്തിച്ചതില്‍ മിതാലി നിര്‍ണായക പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റിനുശേഷം ഐസിസി ലോക ഇലവന്റെ ക്യാപ്റ്റനായും മിതാലിയെ തെരഞ്ഞെടുത്തു.

mithaliraj

ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ച മിന്നുന്ന പ്രകടനത്തിന് ഒരു കോടി രൂപയാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. ബന്‍ജാര ഹില്‍സിലെ പോഷ് ഏരിയയില്‍ 600 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞദിവസം ഹൈദരാബാദില്‍ തിരിച്ചെത്തിയ ഉടന്‍ മിതാലിക്ക് ഇവ സമ്മാനിക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ 45.44 ശരാശരിയില്‍ മിതാലി 409 റണ്‍സ് നേടിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരമാകാനും മിതാലിക്ക് കഴിഞ്ഞു. വനിതാ ക്രിക്കറ്റില്‍ ആദ്യമായി 6,000 റണ്‍സ് പിന്നിട്ട മിതാലിയാണ് നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും.

English summary
Mithali Raj reaches Hyderabad amid fanfare; CM awards plot and Rs 1 crore
Please Wait while comments are loading...