ഒരു വശത്ത് ആധുനികവത്കരണം; മറുവശത്ത് വന്‍ പാളിച്ചകള്‍: ബാലസോർ ട്രെയിന്‍ ദുരന്തം ഉയർത്തുന്ന ചോദ്യങ്ങള്‍
ഡല്‍ഹി: ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 294 പേരുടെ മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അപകട സ്ഥലം നേരിട്ട് സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം തന്നെ രാജ്യത്തിന്റെ റെയില്‍ വേ സംവിധാനം വലിയ പരിഷ്കരണത്തിലൂടെ കടന്ന് പോകുമ്പോഴുണ്ടായ അപകടം പലവിധത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഉയർത്തുന്നത്.
20 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ റെയില്‍ വേ അപകടമാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നു. ഈ അപകടം ആധുനികവത്കരണത്തിലൂടെ കടന്ന് പോവുന്ന റെയിൽവേയുടെ പദ്ധതിയെ ഞെട്ടിച്ചുവെന്നാണ് വിദഗ്ധർ പറയുന്നത്. " കഴിഞ്ഞ കുറേ വർഷങ്ങളായി സുരക്ഷാ സംവിധാനം മെച്ചപ്പെടുകയാണ്, പക്ഷേ ഇനിയും കൂടുതൽ ജോലികൾ ചെയ്യാനുണ്ട്," മധ്യ ഇന്ത്യയിലെ കിരോഡിമൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രകാശ് കുമാർ സെൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വർധിക്കുമ്പോള്‍ റെയിൽവേ കൂടുതൽ കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ പരിപാലിക്കുന്നതിനുള്ള തൊഴിലാളികൾക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല, അല്ലെങ്കിൽ അവരുടെ ജോലിഭാരം വളരെ കൂടുതലാണെന്നും റെയിൽവേ വിദഗ്ധർ തന്നെ പറയുന്നു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച കിഴക്കൻ തീര ദേശ റൂട്ട് രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ പാതയാണ്. ഇന്ത്യയുടെ കൽക്കരി, എണ്ണ ചരക്ക് നീക്കങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് ഈ മേഖലയിലൂടെയാണ്.
നെറ്റ്‌വർക്ക് സംവിധാനത്തിലൂടനീളം കൂട്ടിയിടി വിരുദ്ധ ഉപകരണങ്ങളും എമർജൻസി മുന്നറിയിപ്പ് സംവിധാനങ്ങളും പോലുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ റെയിൽവേ മന്ദഗതിയിലാണെന്നാണ് ഇന്റർനാഷണൽ റെയിൽവേ ജേണലിലെ സ്വതന്ത്ര ഗതാഗത വിദഗ്ധനും എഴുത്തുകാരനുമായ ശ്രീനന്ദ് ഝാ പറയുന്നത്. "അപകടങ്ങൾ വളരെ നിയന്ത്രിക്കാവുന്ന തലത്തിലാണെന്ന് അവർ എപ്പോഴും നിങ്ങളോട് പറയും, കാരണം അവർ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുന്നു," അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച അപകടത്തിൽപ്പെട്ട റൂട്ടിൽ ആൻറി കൊളിഷൻ സിസ്റ്റം "കവച്" ലഭ്യമല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
അതേസമയം, രാജ്യത്തിന്റെ അപകട നിരക്ക വളരെ കുറവാണെന്നാണ് റെയില്‍വേ വാദിക്കുന്നത്. "ഇപ്പോൾ ഒരു സംഭവം ഉണ്ടായതിനാലാണ് സുരക്ഷയെക്കുറിച്ചുള്ള ചോദ്യം ഉയരുന്നത്. എന്നാൽ ഡാറ്റ പരിശോധിച്ചാല്‍, വർഷങ്ങളായി വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും.''- റെയില്‍ വേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2013-14 ലെ 0.10 ൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ ഒരു ദശലക്ഷം ട്രെയിൻ കിലോമീറ്ററിൽ അപകടങ്ങളുടെ എണ്ണം 0.03 ആയി കുറഞ്ഞെന്നും റെയില്‍ വേ വക്താവ് പറഞ്ഞു.
ലോകത്തിലെ നാലാമത്തെ വലിയ ട്രെയിൻ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ നടത്തുന്നത്. ഇതിലുടെ പ്രതിദിനം 13 ദശലക്ഷം ആളുകളെ കൊണ്ടുപോകുകയും 2022 ൽ ഏകദേശം 1.5 ബില്യൺ ടൺ ചരക്ക് നീക്കുകയും ചെയ്തു. ഈ വർഷം, റെയിൽവേയ്‌ക്കായി സർക്കാർ റെക്കോഡ് നിരക്കായ 2.4-ട്രില്യൺ രൂപയാണ് ചിലവഴിക്കുന്നത്. അതായത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 50% വർധന.
അതേസമയം, തീവണ്ടി ദുരന്തത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റിപ്പോട്ടില്‍ പറയുന്നു. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് 7.20 ഓടെയാണ് അപകടമുണ്ടായത്. കോറമണ്ഡല്‍ എക്‌സ്പ്രസ്, ഹൗറ എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിന്‍ എന്നിവ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications