ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് മൻ കി ബാത്തിൽ മോദി; തകർന്ന ഭീകര കേന്ദ്രങ്ങളുടെ ദൃശ്യവും പങ്കുവച്ചു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മോദി സൈനിക നടപടിയെ പുകഴ്ത്തിയത്. കൂടാതെ പാകിസ്ഥാൻ, പാക് അധിനിവേശ കശ്‌മീർ എന്നിവിടങ്ങളിൽ ഇന്ത്യൻ സൈനികർ നശിപ്പിച്ച ഭീകര കേന്ദ്രങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ചതിലെ അസാധാരണ കൃത്യതയെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും എടുത്തുപറയുകയും ചെയ്‌തു. പാക് അധിനിവേശ കശ്‌മീരിൽ നശിപ്പിക്കപ്പെട്ട സ്ഥലങ്ങളായ കോട്‌ലിയിലെ ഗുൽപൂർ, അബ്ബാസ് ക്യാമ്പുകൾ, ഭിംബറിലെ ബർണാല ക്യാമ്പ് എന്നിവ അദ്ദേഹം ഇതിനോടപ്പം എടുത്തുകാട്ടി.

രജൗരിയിലും പൂഞ്ചിലും പ്രവർത്തിക്കുന്ന ലഷ്‌കർ തീവ്രവാദികളുടെ താവളമായി ഗുൽപൂർ ക്യാമ്പ് പ്രവർത്തിച്ചപ്പോൾ, ലഷ്‌കർ ഇ തൊയ്ബയുടെ ചാവേർ ബോംബർ പരിശീലനത്തിന്റെ കേന്ദ്രമായി അബ്ബാസ് ക്യാമ്പ് കുപ്രസിദ്ധമായിരുന്നു. ഈ കേന്ദ്രങ്ങൾ ഒന്നാകെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർക്കുകയായിരുന്നു.
ബർണാല ക്യാമ്പിൽ തീവ്രവാദികളെ ആയുധങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നും, ഐഇഡികൾ എങ്ങനെ നിർമ്മിക്കാമെന്നും, കാട്ടിൽ എങ്ങനെ അതിജീവിക്കാമെന്നും പഠിപ്പിച്ചു വരികയായിരുന്നു.
ഭീകരതയ്‌ക്കെതിരായ ലോകമെമ്പാടുമുള്ള പോരാട്ടത്തിൽ ഓപ്പറേഷൻ സിന്ദൂർ പുതിയ ആത്മവിശ്വാസവും ഊർജ്ജവും പകർന്നുവെന്ന് പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ചൂണ്ടിക്കാട്ടി.
നമ്മുടെ ദൃഢനിശ്ചയത്തിന്റെയും, ധൈര്യത്തിന്റെയും, മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെയും ചിത്രമാണ് ഓപ്പറേഷൻ സിന്ദൂറെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ 1:05 നും 1:30 നും ഇടയിൽ നടന്ന ഓപ്പറേഷൻ ഒറ്റത്തവണ സൈനിക നടപടിയല്ലെന്നും മറിച്ച് മാറിക്കൊണ്ടിരിക്കുന്നതും ദൃഢനിശ്ചയമുള്ളതുമായ ഇന്ത്യയുടെ പ്രതിഫലനമാണെന്നും മോദി വ്യക്തമാക്കി.
ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിലെ ഒരു നിർണായക നിമിഷമായാണ് പ്രധാനമന്ത്രി മോദി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ആത്മനിർഭർ ഭാരത്' എന്ന തത്വശാസ്ത്രത്തിന് അനുസൃതമായി, ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷികളാണ് ദൗത്യത്തിന്റെ വിജയത്തിന് കാരണമെന്നും മോദി കൂട്ടിച്ചേർത്തു.
പല നഗരങ്ങളിലും, സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ ധാരാളം യുവാക്കൾ ഒത്തുചേർന്നു; ചണ്ഡിഗഡിൽ നിന്നുള്ള വീഡിയോകൾ വൈറലായി, കവിതകൾ എഴുതപ്പെട്ടു, ദൃഢനിശ്ചയത്തിന്റെ ഗാനങ്ങൾ ആലപിക്കപ്പെട്ടു. കുട്ടികൾ മികച്ച സന്ദേശങ്ങൾ ഒളിപ്പിച്ചുവെച്ച ചിത്രങ്ങൾ വരച്ചുവെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ജനതയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, നിരവധി കുടുംബങ്ങൾ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ബീഹാറിലെ കതിഹാറിലും, ഉത്തർപ്രദേശിലെ കുശിനഗറിലും, മറ്റ് പല നഗരങ്ങളിലും, ആ കാലയളവിൽ ജനിച്ച കുട്ടികൾക്ക് 'സിന്ദൂർ' എന്ന പേരാണ് ഇട്ടത്; അദ്ദേഹം പറഞ്ഞു.
'നമ്മുടെ സൈനികർ ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചു; അത് അവരുടെ അജയ്യമായ ധൈര്യവും ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ശക്തിയും ആയിരുന്നു പ്രകടിപ്പിച്ചത്' ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും മേന്മ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ അപ്രതീക്ഷിതമായാണ് ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയത്. 26 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിൽ ഒരു നേപ്പാളി പൗരനും ഉൾപ്പെടുന്നു. ഇതിന് തിരിച്ചടിയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ, പാക് അധീന കശ്‌മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ തകർത്തത്.












Click it and Unblock the Notifications