'രാഹുല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ല'; കോടതി പറഞ്ഞത്
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി കൊണ്ട് ഗുജറാത്ത് ഹൈക്കോടതി നടത്തിയത് ഗുരുതര നിരീക്ഷണങ്ങള്‍. രാഹുല്‍ ഗാന്ധി അടിസ്ഥാനപരമല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് ജസ്റ്റിസ് ഹേമന്ത് പ്രചക്കിന്റെ ബെഞ്ച് നിരീക്ഷിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യുക എന്നത് ഒരു ചട്ടമല്ല എന്ന് കോടതി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ 10 കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ ശുദ്ധി വേണം എന്നും കോടതി പറഞ്ഞു. കേംബ്രിഡ്ജില്‍ വെച്ച് സവര്‍ക്കര്‍ക്കെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ ചെറുമകന്‍ പൂനെ കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുന്നത് ഒരു തരത്തിലും അപേക്ഷകനോട് അനീതി കാണിക്കലല്ല എന്നും കോടതി പറഞ്ഞു.

ശിക്ഷാവിധി ഉചിതവും നിയമപരവുമാണ് എന്നും അത് സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ല എന്നും ജസ്റ്റിസ് ഹേമന്ത് പ്രചക്കിന്റെ ബെഞ്ച് നിരീക്ഷിച്ചു. രാഹുല്‍ ഗാന്ധി സ്ഥിരമായി തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് എന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ദ്ര പ്രചക് വ്യക്തമാക്കി. കേസിലെ വാദം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. എന്നാല്‍ വിധി പറയാന്‍ ഇന്നേക്ക് മാറ്റുകയായിരുന്നു.
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കേസിനാസ്പദമായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കര്‍ണാടകയിലെ കോലാറില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണമായത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് എല്ലാ കള്ളന്മാര്‍ക്കും എന്താണ് മോദി എന്ന പേരുള്ളത് എന്നായിരുന്നു രാഹുല്‍ ചോദിച്ചത്.
ഇത് മോദി എന്ന് പേരുള്ള എല്ലാവരേയും അപമാനിക്കുന്നതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോദി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. മാനനഷ്ട കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവാണ് രാഹുല്‍ ഗാന്ധിക്ക് വിധിച്ചത്.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. ലോക്‌സഭാ സെക്രട്ടറിയേറ്റ് ആണ് കേസില്‍ വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ഏപ്രില്‍ 3-ന് ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ രാഹുല്‍ ഗാന്ധി സമീപിച്ചിരുന്നു.












Click it and Unblock the Notifications