മോദി പരാമര്‍ശം: രാഹുലിന് ആശ്വാസം; നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി
റാഞ്ചി: മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. റാഞ്ചിയിലെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരിക്കുകയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി. റാഞ്ചി സിവില്‍ കോടതിയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ആഗസ്റ്റ് 16 ന് നടക്കും.
റാഞ്ചിയിലെ എംപി-എംഎല്‍എ കോടതിയില്‍ നടന്ന മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. രാഹുലിനെതിരെ സിവില്‍ കോടതിയില്‍ രണ്ട് മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കീഴ്ക്കോടതിയില്‍ നിന്ന് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അവ പിന്നീട് ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ഇതേ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയിട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. മാര്‍ച്ച് 24 ന് ആണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇടക്കാല സ്റ്റേ നല്‍കാനും ഹൈക്കോടതി തയ്യാറായില്ല. മേയ് മൂന്നിന് ആണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഹൈക്കോടതി അവസാനമായി പരിഗണിച്ചത്.
ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോദി നല്‍കിയ ക്രിമിനല്‍ അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഗാന്ധിയെ കുറ്റക്കാരന്‍ എന്ന് വിശേഷിപ്പിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ കേസിനാസ്പദമായ പരാമര്‍ശം. 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന.
ഇതിലാണ് കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തന്റെ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷാവിധി സ്റ്റേ ചെയ്യാനും ആവശ്യപ്പെട്ട് അദ്ദേഹം ഏപ്രിലില്‍ സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications