ബീഫ് വിവാദത്തില്‍ മോദിക്ക് അതൃപ്തി, അമിത് ഷാ നേതാക്കളെ വിളിച്ചുവരുത്തി!
ദില്ലി: ബീഫ് വിവാദം ബി ജെ പിക്ക് പണി കൊടുക്കാന്‍ സാധ്യത. ബി ജെ പി യുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ തന്നെയാണ് ഈ സൂചന നല്‍കിയത്. ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിവാദങ്ങളുണ്ടാകുന്നത് മുന്നണിയെ പ്രതികൂലമായി ബാധിക്കും എന്നാണ് ശിരോമണി അകാലിദള്‍ പറയുന്നത്.
സ്വന്തം പാളയത്തില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ബി ജെ പി ബീഫ് വിഷയത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പാര്‍ട്ടി നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ വിളിച്ചുവരുത്തി താക്കീത് ചെയ്തതായും അറിയുന്നു.

നരേന്ദ്ര മോദി അതൃപ്തനാണ്
ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പാര്‍ട്ടി പ്രസിഡണ്ടായ അമിത് ഷായെ അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവാദ നേതാക്കളെ താക്കീത് ചെയ്യാനാണ് മോദിയുടെ നിര്‍ദേശം.

അമിത് ഷാ ഇടപെടുന്നു
ബീഫ് വിവാദം പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കുമെന്ന ഘട്ടത്തിലാണ് പ്രസിഡണ്ട് അമിത് ഷാ പ്രശ്‌നത്തില്‍ ഇടപെടുന്നത്. വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ അമിത് ഷാ ദില്ലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഇവരാണ് പ്രമുഖര്‍
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, എം എല്‍ എ സംഗീത് സോം, എം പി സാക്ഷി മഹാരാജ്, മന്ത്രി സഞ്ജീവ് ബല്യാണ്‍ എന്നിവരെയാണ് അമിത് ഷാ വിളിച്ചുവരുത്തിയത്.

കേന്ദ്രമന്ത്രിക്കും
കേന്ദ്രമന്ത്രി മഹേഷ് ശര്‍മ അമിത് ഷായുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നില്ല, എന്നാല്‍ അദ്ദേഹത്തിനും കര്‍ശനമായ മുന്നറിയിപ്പ് കിട്ടിയതായാണ് അറിയുന്നത്. പാര്‍ട്ടിയുടെ എല്ലാ നേതാക്കളോടുമായിട്ടാണ് പ്രസിഡണ്ട് ഈ താക്കീത് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications