തജീന്ദര്‍ പാല്‍ ബഗ്ഗയ്‌ക്കെതിരെ മൊഹാലി കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ്
അമൃത്സര്‍: കഴിഞ്ഞ ദിവസമാണ് ബി ജെ പി നേതാവ് തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും പിന്നീടുള്ള വിട്ടയക്കലും നടന്നത്. പടിഞ്ഞാറന്‍ ദില്ലിയിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്ത നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുമായി മൊഹാലിയിലേക്ക്പോയ പത്തംഗ പഞ്ചാബ് പൊലീസ് സംഘത്തെ ദില്ലി പൊലീസിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ഹരിയാനയില്‍ തടഞ്ഞുവച്ചാണ് മോചിപ്പിച്ചത്. കൂടാതെ തട്ടിക്കൊണ്ടു പോകല്‍ ശ്രമിത്തിനെതിരെ പഞ്ചാബ് പൊലീസിനെതിരെ കേസെടുക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും പ്രോത്സാഹിപ്പിക്കുന്നതിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മൊഹാലി കോടതി പഞ്ചാബ് പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 30 ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് നടന്ന ബിജെപി യുവജന വിഭാഗം പ്രതിഷേധത്തല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബഗ്ഗയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായത്. കേസ് മേയ് 23ന് വീണ്ടും പരിഗണിക്കും.

അതേസമയം, ആം ആദ്മി പാര്‍ട്ടിക്കും അതിന്റെ തലവന്‍ അരവിന്ദ് കെജ്രിവാളിനുമെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് ഇന്ന് രാവിലെ ബഗ്ഗ പറഞ്ഞിരുന്നു. എനിക്കെതിരെ ഒന്നോ 100 എഫ്ഐആറോ രജിസ്റ്റര്‍ ചെയ്താലും, ഗുരു സാഹിബിനെ അവഹേളിക്കുന്നതും കശ്മീരി പണ്ഡിറ്റുകളെ കെജ്രിവാള്‍ അപമാനിച്ചതിനെതിരെയും ശബ്ദമുയര്‍ത്തുമെന്നാണ് ബഗ്ഗ പറഞ്ഞത്.
അതേസമയം, തജീന്ദര്‍ പാല്‍ സിംഗിനെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചെന്ന കേസിലെ നടപടികള്‍ ഹരിയാന- പഞ്ചാബ് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി, പഞ്ചാബ് സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥരെയും കസ്്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് രണ്ട് സംസ്ഥാനങ്ങളും പറയുന്നത്.
തേജീന്ദറിനെ കസ്റ്റഡിയില്‍ എടുത്ത ദില്ലി പൊലീസ് തങ്ങളെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ പഞ്ചാബ് പൊലീസ് സംഘം പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം മൊഹാലിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സണ്ണി സിംഗ് അലുവാലി നല്‍കിയ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസിന്റെ ബിജെപി നേതാവിന്റെ ദില്ലി വസതിയില്‍ എത്തി അറസ്റ്റ് ചെയ്തത്.
തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി, കിംവദന്തികള്‍ പ്രചരിപ്പിക്കുകയും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും മാര്‍ച്ച് 30 ന് നടന്ന പ്രതിഷേധത്തിനിടെ അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നും എഎപി നേതാവ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളും അലുവാലിയ പോലീസിന് സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications