മുകേഷ് അംബാനിയുടെ വന്‍ നീക്കം; ദുബായിയെ ഉപേക്ഷിക്കുന്നു, ലണ്ടനിലേക്ക് കൂടുതല്‍ ആളുകളെ ഇറക്കും
പരമ്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളികള്‍ അറബ് രാഷ്ട്രങ്ങളാണ്. എന്നാല്‍ 2022 ലെ യുക്രൈന്‍ അധിനിവേശത്തോടെ റഷ്യയായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാർ. പശ്ചാത്യരാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയപ്പോള്‍ റഷ്യ ഇന്ത്യക്ക് ഇളവുകളോടെ ക്രൂഡ് ഓയില്‍ നല്‍കുകയായിരുന്നു. റഷ്യയുമായുള്ള ഈ വ്യാപാര ബന്ധം ഇന്ത്യന്‍ റിഫൈനറിമാർ ദീർഘകാലം തുടർന്നേക്കുമെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്‌സിൻ്റെ ഓപ്പറേറ്ററായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ദുബായിലെ ക്രൂഡ് ഓയിൽ ട്രേഡിംഗ് ടീമിലെ ഭൂരിഭാഗം പേരേയും മുംബൈയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് സ്രോതസുകളെ ഉദ്ധരിച്ചുക്കൊണ്ട് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

റഷ്യയിൽ നിന്നും ദീർഘകാല എണ്ണ വിതരണ കരാർ സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് റിലയന്‍സ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്. ഈ വർഷം അവസാനത്തോടെയായിരിക്കും ക്രൂഡ് ട്രേഡിംഗ് ടീമിനെ സ്ഥലം മാറ്റുക. ദീർഘകാല കരാർ നേടിയതോടെ സ്‌പോട്ട് മാർക്കറ്റില്‍ നിന്നും ചരക്ക് വാങ്ങേണ്ടതിന്റെ ആവശ്യകത കുറയും.
"നിലവില്‍ റിലയൻസിന് റഷ്യയുമായി ക്രൂഡ് ഇറക്കുമതി കരാറുണ്ട്. അതോടൊപ്പം തന്നെ മിഡിൽ ഈസ്റ്റിലെ പ്രധാന ഉൽപ്പാദകരുമായി കമ്പനിക്ക് സ്ഥിരമായ ക്രൂഡ് ഇറക്കുമതി ഇടപാടുകളും ഉണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ അവിടെ നിർത്തി അധിക ചിലവ് നൽകേണ്ട കാര്യമില്ല," പേരുവെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം ഈ വാർത്തകളോട് റിലയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 ലാണ് റിലയന്‍സ് ഗ്രൂപ്പ് എണ്ണയും പെട്രോകെമിക്കൽസ് ഉൾപ്പെടെയുള്ള ശുദ്ധീകരിച്ച ഇന്ധനങ്ങള്‍ വ്യാപാരം ചെയ്യുന്നതിനായി യു എ ഇയിൽ ഒരു ഓഫീസ് തുറക്കുന്നത്. ഒരു വർഷത്തിനുശേഷം, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തില്‍ ദുബായ് റഷ്യൻ എണ്ണ വ്യാപാരത്തിൻ്റെ കേന്ദ്രമായി മാറിയതിനാൽ റിലയൻസ് തങ്ങളുടെ ക്രൂഡ് ട്രേഡിംഗ് ടീമിനെ ദുബായിലേക്ക് മാറ്റുകയായിരുന്നു.
റിലയൻസിന് നിലവിൽ 20 ക്രൂഡ് ട്രേഡേഴ്സാണ് ദുബായിലെ ഓഫീസിലുള്ളത്. ഇവരില്‍ നിന്ന് മൂന്ന് നാലുപേർ ഒഴികേയുള്ല എല്ലാവരേയും മുംബൈയിലേക്ക് തിരികെ കൊണ്ടുവരാനാണ് നീക്കം. അധികം താമസിയാതെ തന്നെ ശേഷിക്കുന്നവരും കമ്പനി ആസ്ഥാനത്തേക്ക് മടങ്ങിയേക്കും. മുംബൈയിലേക്ക് മടങ്ങണമെന്ന കാര്യം ഇതിനോടകം തന്നെ കമ്പനി ട്രേഡേഴ്സിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
തൽക്കാലം തങ്ങളുടെ പ്രൊഡക്ട് ട്രേഡിംഗ് ടീമിനെ മാത്രം ദുബായിൽ നിലനിർത്താനാണ് റിലയൻസ് പദ്ധതിയിടുന്നത്. ദുബായ്ക്ക് പുറമെ ഹൂസ്റ്റണിലും ലണ്ടനിലും വ്യാപാര ഓഫീസുകളുണ്ട്. ദുബായ് ടീമിനെ ഉപേക്ഷിക്കുമ്പോള്‍ തന്നെ ലണ്ടനിൽ തങ്ങളുടെ ടീമിനെ വിപുലീകരിക്കാൻ റിലയൻസ് പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു. ദുബായില്‍ നിന്നും പിന്‍വിക്കുന്നവരെ ലണ്ടനിലേക്ക് മാറ്റാനാണ് സാധ്യത. നേരത്തെ സമാനമായ രീതിയില്‍ പെട്രോകെമിക്കൽ ട്രേഡ് ടീമിനെ റിലയന്‍സ് ദുബായിൽ നിന്ന് മലേഷ്യയിലേക്ക് മാറ്റിയിരുന്നു.
നേരത്തെ വളരെ അപൂർവ്വമായി മാത്രമായിരുന്നു റിലയന്‍സ് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ റിലയന്‍സ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലന്റെ അഞ്ചില്‍ മൂന്ന് ഭാഗവും റഷ്യയില്‍ നിന്നാണെന്നാണ് വ്യാപാര സ്രോതസ്സുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications