ആഴ്ചയില്‍ 70 മണിക്കൂർ ജോലിയെടുക്കണമെന്ന് നാരായണമൂർത്തി: പുതിയ ചാർട്ട് പങ്കുവെച്ച് മോഹൻദാസ് പൈയും
ബെംഗളൂരു: ഓണ്‍ലൈന്‍ ലേകത്ത് വലിയ ചർച്ചകള്‍ക്കാണ് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ആഴ്ചയില്‍ 70 മണിക്കൂർ ജോലിയെന്ന നിർദേശം തുടക്കം കുറിച്ചത്. മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈയുമായ ഒരു യൂട്യൂബ് പോഡ്‌കാസ്റ്റിലായിരുന്നു എൻ ആർ നാരായണ മൂർത്തിയുടെ നിർദേശം. ഇതിന് പിന്നാലെ ഇപ്പോഴിതാ മോഹൻദാസ് പൈ മറ്റൊരു രസകരമായ ഡാറ്റയും പങ്കുവെച്ചിരിക്കുകയാണ്.
15 നും 59 നും ഇടയിൽ പ്രായമുള്ള നഗരങ്ങളിലെ പുരുഷന്മാർ ഓരോ ആഴ്ചയും എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന ഡാറ്റയാണ് മോഹന്‍ദാസ് പൈസ പങ്കുവെച്ചിരിക്കുന്നത്. പ്രദേശം തിരിച്ചുള്ള ഡാറ്റയ്‌ക്കൊപ്പം ഇന്ത്യയുടെ മൊത്തത്തിലുള്ള ശരാശരിയും ഡാറ്റയില്‍ കാണിക്കുന്നു. ഡാറ്റ അനുസരിച്ച്, ഇന്ത്യൻ ശരാശരി ആഴ്ചയിൽ 61.6 മണിക്കൂറാണ്. 2019 ലെ ടൈം യൂസ് സർവേയാണ് (2019) വിവരങ്ങള്‍ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്.

എൻആർ നാരായണ മൂർത്തിയുടെ ഉപദേശം യുവാക്കൾക്കുള്ളതാണെന്നാണ് മോഹന്‍ദാസ് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. 'ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഉല്‍പ്പാദനക്ഷമത, സര്‍ക്കാരിലെ അഴിമതി, ഉദ്യോഗസ്ഥതലത്തിലെ കാലതാമസം എന്നിവയില്‍ പുരോഗതി വരുത്താത്തിടത്തോളം കാലം വന്‍ സാമ്പത്തിക ശക്തികളുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല' എന്നായിരുന്നു നാരായണ മൂർത്തിയുടെ വാക്കുകള്‍.
ഇത് എന്റെ രാജ്യമാണെന്ന് ഓരോ യുവാക്കളും പറയണം. രാജ്യത്തിന് വേണ്ടി 70 മണിക്കൂര്‍ ജോലി ചെയ്യുമെന്ന് പറഞ്ഞ് അവര്‍ മുന്നോട്ട് വരണം. ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും ജര്‍മനിയും ചെയ്തതുപോലെ, ഇന്ത്യയിലെ ചെറുപ്പക്കാരും അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട എന്നും നാരായണ മൂർത്തി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നാരായണ മൂർത്തിയുടെ നിർദേശത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് മുന്നോട്ട് വന്നത്. നാരായണ മൂര്‍ത്തിയുടെ കാഴ്ചപ്പാടുകളോട് പൂര്‍ണമായും യോജിക്കുന്നുവെന്നായിരുന്നു ഓല സി ഇ ഒ ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തത്. കുറച്ച് ജോലി ചെയ്ത് സ്വയം രസിപ്പിക്കാനുള്ള സമയമല്ല ഇത്. മറിച്ച്, മറ്റ് രാജ്യങ്ങള്‍ നിരവധി തലമുറകളായി വികസിപ്പിച്ചെടുത്ത പുരോഗതി ഈ ഒറ്റ തലമുറയില്‍ തന്നെ നമുക്കും വികസിപ്പിക്കാനുള്ള സമയമാണെന്നും ഭവിഷ് കുറിച്ചു.
അതേസമയം, തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള നിർദേശം മാത്രമാണ് ഇതെന്നാണ് കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സൂരജ് നിടിയങ്ങര അഭിപ്രായപ്പെട്ടത്. കൂടുതൽ സമയം ജോലി ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കുന്നത് ശാരീരികവും മാനസികവുമായ തളർച്ചയ്ക്ക് മാത്രമല്ല, അവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications