രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മോഡി
ഝാന്‍സി: വര്‍ഗീയ കലാപത്തിന് ശേഷം മുസഫര്‍നഗറിലെ മുസ്ലിം യുവാക്കളെ ഐ എസ് ഐ സമീപിച്ചു എന്ന പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി എന്നും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരില്‍ പങ്കാളിയല്ലാത്ത, വെറുമൊരു കോണ്‍ഗ്രസ് എം പി മാത്രമായ രാഹുല്‍ ഗാന്ധിയെ ഏത് പ്രോട്ടോക്കോളിന്റെ പുറത്താണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരങ്ങള്‍ അറിയിച്ചത്? ഉത്തര്‍പ്രദേശില്‍ എങ്ങിനെയാണ് ഐ എസ് ഐ ചാരന്മാര്‍ എത്തിയത് എന്ന് രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരറൊട്ടി കഴിച്ചിരുന്ന നിങ്ങള്‍ക്ക് ഇനി മുതല്‍ ഒരു റൊട്ടി കഴിക്കാനാണ് ഭക്ഷ്യ സുരക്ഷ ബില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ മോഡി കളിയാക്കി. അരറൊട്ടിയില്‍ നിന്നും ഒരു റൊട്ടിയിലെത്താന്‍ 60 വര്‍ഷം എടുത്തു. കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ വയറുനിറയെ ഭക്ഷണം കഴിക്കാന്‍ നൂറ് കൊല്ലമെങ്കിലും എടുക്കും - മോഡി പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല, കാവല്‍ക്കാരനായി തിരഞ്ഞെടുക്കപ്പെടാനാണ് തനിക്ക് ആഗ്രഹം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടാതെ താന്‍ സംരക്ഷിക്കും. രാജ്യ സ്വത്തിന് മേല്‍ കൈപ്പത്തി പതിയാതെ നോക്കുമെന്നും മോഡി പറഞ്ഞു.
അച്ഛന്റെയും അമ്മൂമ്മയുടെയും കൊലപാതകത്തിന്റെ പേരില്‍ പൊതുവികാരം മുതലെടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തെയും മോഡി ചോദ്യം ചെയ്തു. ഇന്ദിരാഗാന്ധിയുടെ വധത്തില്‍ കണ്ണീര്‍ പൊഴിച്ച രാഹുല്‍ ഗാന്ധി അതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട പതിനായിരങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഒരു കോണ്‍ഗ്രസ് നേതാവും ഇതിനെക്കുറിച്ച് മിണ്ടുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ മുസഫര്‍നഗര്‍ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയുടെ നീക്കം. ഏത് അടിസ്ഥാനത്തിലാണ് രാഹുലിനെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ രഹസ്യവിവരങ്ങള്‍ അറിയിച്ചതെന്ന് വിശദമാക്കണമെന്ന് ബി ജെ പി നേതാവും എം പിയുമായ പ്രകാശ് ജാവേദ്കര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications