ആറ് തവണ അമേരിക്കയിലെത്തിയ മോദി: പക്ഷെ ഇത് ആദ്യ 'സ്റ്റേറ്റ്' സന്ദർശനം, എന്തുകൊണ്ട്?, അറിയാം സവിശേഷതകള്‍
ഡൽഹി: ഏറെ പ്രത്യേകതകള്‍ നിറഞ്ഞ അമേരിക്കന്‍ സന്ദർശനത്തിനായി പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലെത്തുന്ന നരേന്ദ്ര മോദി ജൂൺ 21 മുതൽ 24 വരെ രാജ്യത്ത് തുടരും. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങള്‍ക്കിടയില്‍ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക 'സ്റ്റേറ്റ്' സന്ദർശനം കൂടിയാണിത്.
22 ന് വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടക്കുന്ന ചരിത്രപരമായ സ്റ്റേറ്റ് ഡിന്നറിൽ പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കുന്ന അപൂർവ സന്ദർഭമാണ് ഈ സന്ദർശനത്തിലെ പ്രധാന ആകർഷണീയത. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്.

എന്താണ് സ്റ്റേറ്റ് സന്ദർശനം
ഒരു രാഷ്ട്രത്തലവന്റെ ക്ഷണപ്രകാരം മറ്റൊരു രാജ്യത്തേക്കുള്ള ഔപചാരിക സന്ദർശനമാണ് 'സ്റ്റേറ്റ് സന്ദർശനം' എന്ന് പൊതുവെ അറിയപ്പെടുന്നത്. ഔദ്യോഗിക സന്ദർശനത്തേക്കാൾ കൂടുതൽ ആഡംബരവും ചടങ്ങുകളും സ്റ്റേറ്റ് സന്ദർശനത്തില്‍ ഉൾപ്പെടുന്നു. പ്രസിഡന്റും പ്രഥമ വനിതയും വൈറ്റ് ഹൗസിൽ ഒരുക്കുന്ന വിരുന്നാണ് ഈ സന്ദർശനത്തിലെ ഏറ്റവും പ്രധാന ചടങ്ങ്.
സ്റ്റേറ്റ് സന്ദർശനത്തിന്റെ പ്രധാന ഘടകം ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാഷ്ട്രത്തലവനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നതാണ്. അമേരിക്കയുടെ കാര്യത്തിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസാണ് മറ്റ് രാഷ്ട്രതലവന്‍മാരെ ഇത്തരത്തില്‍ ക്ഷണിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും അമേരിക്ക നല്‍കുന്ന ബഹുമാനം കൂടിയാണ് ഈ ക്ഷണം. ആറ് മാസത്തോളം സമയമെടുത്താണ് വൈറ്റ് ഹൗസ് സ്റ്റേറ്റ് വിസിറ്റ് ആസൂത്രണം ചെയ്യുന്നത്. അത്താഴ വിരുന്നില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ വേണമെന്ന ചർച്ച പോലും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിക്കും.
സ്റ്റേറ്റ് സന്ദർശനങ്ങൾ സാധാരണയായി കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കും, കൂടാതെ നിരവധി വിപുലമായ ചടങ്ങുകളും ഉൾപ്പെടുന്നു. അമേരിക്കയില്‍ ഔദ്യോഗിക വിരുന്നിന് പുറമെ, ഈ ചടങ്ങുകളിൽ നയതന്ത്ര സമ്മാനങ്ങളുടെ കൈമാറ്റം, ബ്ലെയർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കാനുള്ള ക്ഷണം, വിമാനം ഇറങ്ങിയതിന് ശേഷം ടാർമാക്കിൽ ഫ്ലൈറ്റ്-ലൈൻ സ്വാഗതം, 21 ഗൺ സല്യൂട്ട്, അവസാനം ഫ്ലാഗ് സ്ട്രീറ്റ് ലൈനിംഗ് ചടങ്ങും ഉൾപ്പെടുന്നു,
വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ 7,000-ത്തിലധികം ഇന്ത്യൻ-അമേരിക്കൻ പങ്കാളികളുടെ സാന്നിധ്യത്തിൽ 21 ഗൺ സല്യൂട്ട് നൽകി പ്രസിഡന്റ് ബൈഡൻ മോദിയെ സ്വാഗതം ചെയ്യുന്നതോടെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം ആരംഭിക്കുന്നത്. തുടർന്ന് ഇരു നേതാക്കളും ഉഭയകക്ഷി യോഗത്തിന് ശേഷം പ്രതിനിധി ചർച്ചകൾക്കും സംയുക്ത പത്ര സമ്മേളനത്തിനും നേതൃത്വം നൽകും.
അമേരിക്കൻ നയതന്ത്ര നയമനുസരിച്ച്, പ്രസിഡന്റിന് നാല് വർഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഏതെങ്കിലും ഒരു രാജ്യത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി ക്ഷിക്കാറുള്ളു. അതായത് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധിക്കുള്ളില്‍ രാജ്യത്ത് ഇത്തരത്തില്‍ സന്ദർശനം നടത്താന്‍ ക്ഷണം ലഭിക്കുക ഒരു രാഷ്ട്രത്തലവന് മാത്രമായിരിക്കും. അതിനായി ഇത്തവണ അമേരിക്ക ഇന്ത്യയെ തിരഞ്ഞെടുത്തു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം.
വിവിധ തരം സന്ദർശനങ്ങള്‍
ഓഫീഷ്യല്‍ വിസിറ്റ്, ഓഫീഷ്യല്‍ വർക്കിങ് വിസിറ്റ്, വർക്കിങ് വിസിറ്റ്, ഗസ്റ്റ് ഓഫ് ഗവൺമെന്റ് വിസിറ്റ് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലാണ് രാഷ്ട്രത്തലവന്‍മാരുടെ സന്ദർശനം തരം തിരിച്ചിരിക്കുന്നത്. ഓരോ സന്ദർശനത്തിനും അതിന്റേതായ പ്രോട്ടോക്കോളുകളുണ്ട്. 2014-ൽ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി അമേരിക്കയില്‍ വർക്കിംഗ് സന്ദർശനം നടത്തിയിരുന്നു.
2017-ല്‍ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ മോദി, 2019-ൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആതിഥേയത്വം വഹിച്ച ഹൗഡി, മോദി പരിപാടിയുടേയും ഭാഗമായി. കുടുതല്‍ സൗഹൃദപരവും ഊഷ്മളതയും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ സ്റ്റേറ്റ് സന്ദർശനത്തിന് വലിയ പ്രധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ഈ സന്ദർശനം കൂടുതല്‍ വ്യക്തമാക്കുന്നു.
അതേസമയം, വിപുലമായ ചടങ്ങുകളും ഫോട്ടോ എടുപ്പുകളും മറ്റും കണക്കിലെടുക്കുമ്പോൾ, വർക്കിംഗ് സന്ദർശനങ്ങൾ നയതന്ത്ര പ്രവർത്തനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സന്ദർശനങ്ങളെ അപേക്ഷിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത്.












Click it and Unblock the Notifications