മോദിയുടെ സത്യപ്രതിജ്ഞ, രാഷ്ട്രപതി ഭവന്‍ ഒരുങ്ങി
ദില്ലി: നരേന്ദ്ര ദാമോദര്‍ മോദി ഇന്ത്യയുടെ 15ാം പ്രധാനമന്ത്രിയായി തിങ്കളാഴ്ച അധികാരമേല്‍ക്കും. വൈകുന്നേരം ആറുമണിയ്ക്ക് രാഷ്ട്രപതി ഭവനിന്റെ മുന്‍വശത്താണ് സ്ഥാനാരോഹണം നടക്കുന്നത്. ലോകം ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള എട്ട് രാഷ്ട്രതലവന്മാരെത്തും.
ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മോദിക്കൊപ്പം 20 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 'ചെറിയ സര്‍ക്കാര്‍ മികച്ച ഭരണം' എന്ന നയവുമായി മുന്നോട്ടുപോകുമെന്ന സൂചനകള്‍ മോദി നല്‍കിയിട്ടുണ്ട്. യുപിഎ സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്ന മന്ത്രിമാരുടെ പകുതിയോളം മാത്രമേ പുതിയ സര്‍ക്കാറിലുണ്ടാവുകയുള്ളൂവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ഷൂറിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരൊക്കെയാകും മന്ത്രിമാരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.

രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി എന്നിവര്‍ മന്ത്രിമാരാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മുതര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിയ്ക്കും മന്ത്രിസഭയില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്‍ഡിഎ സഖ്യത്തിന്റെ അധ്യക്ഷനെ കൊണ്ടുവരാനാണ് മോദി ക്യാംപ് ശ്രമിക്കുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് മുരളി മനോഹര്‍ ജോഷിയെ പരിഗണിക്കുന്നുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോംബെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, മാലി ദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമിന്‍ അബ്ദുല്‍ ഗയാം, ബംഗ്ലാദേശ് സ്പീക്കര്‍ ഷിരിന്‍ ഷര്‍മിന്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications