'കോൺഗ്രസ് അധ്യക്ഷയുടെ ആഗ്രഹം പോലെ നടക്കട്ടെ' ; രാജി സമർപ്പിച്ച് സിദ്ദു
ചണ്ഡീഗഢ് : കോൺഗ്രസ് പാർട്ടി അധ്യക്ഷയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെയെന്നും പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നുവെന്നും നവജ്യോത് സിങ് സിദ്ദു. അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കോൺഗ്രസിന്‍റെ ദയനീയ പരാജയത്തെ തുടർന്ന് സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാരോട് രാജി സമർപ്പിക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി സ്ഥാനം ഒഴിയുന്നതായി നവജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചത്. രാജിക്കത്തും ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവച്ചു.
പാർട്ടിയെ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പാർട്ടി അധ്യക്ഷന്മാരെ സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരോടാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.

പഞ്ചാബിലെ ദയനീയ തോൽവിക്ക് ശേഷം ജനങ്ങളുടെ തീരുമാനത്തെ പ്രശംസിക്കുകയാണ് നവജ്യോത് സിങ് സിദ്ദു ആദ്യം ചെയ്‌തത്. പഞ്ചാബിലെ ജനം ആംആദ്‌മി സർക്കാരിന് ഭൂരിപക്ഷം നൽകി ജയിപ്പിച്ചത് മികച്ച തീരുമാനമാണെന്നായിരുന്നു സിദ്ദുവിന്റെ ആദ്യ പ്രതികരണം. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനായിരിക്കെ ഇങ്ങനെ പ്രതികരിക്കാനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജനങ്ങളുടെ തീരുമാനം ഒരിക്കലും തെറ്റാറില്ലെന്നും ജനങ്ങളുടെ തീരുമാനം ദൈവത്തിന്‍റെ കൂടി തീരുമാനമാണെന്നും പ്രതികരിച്ചു.അമൃത്‌സർ ഈസ്റ്റിൽ നിന്ന് മത്സരിച്ച നവജ്യോത് സിങ് സിദ്ദു ആംആദ്‌മി സ്ഥാനാർഥിയോടാണ് പരാജയപ്പെട്ടത്. മുൻ മിത്രങ്ങളായിരുന്ന സിദ്ദു മജീതിയ പോരാട്ടമാണ് അമൃത്‌സർ ഈസ്റ്റിൽ നടക്കുകയെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. എന്നാൽ ഇരുപക്ഷത്തെയും പരാജയപ്പെടുത്തി ആംആദ്‌മി സ്ഥാനാർഥി മണ്ഡലത്തിൽ നിന്ന് വിജയിക്കുകയായിരുന്നു. 6000 വോട്ടിന്‍റെ മാർജിനിലായിരുന്നു ജീവൻജ്യോത് കൗറിന്റെ വിജയം.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരൺജീത് ചന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. ആംആദ്‌മി സ്ഥാനാർഥിയോടാണ് അദ്ദേഹവും പരാജയപ്പെട്ടത്. അതേ സമയം എന്തു മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ചന്നിയെ മുഖ്യമന്ത്രിയാക്കിയതെന്ന ചോദ്യവുമായി പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ പരാജയത്തിൽ കോൺഗ്രസ് നേതൃത്വം മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. നാലര വർഷത്തെ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പുറത്തുവന്നതെന്നും ചന്നിയുടെ ജനകീയതയേക്കാൾ കൂടുതലായിരുന്നു ക്യാപ്‌റ്റന്റെ ഭരണത്തിനോടുള്ള എതിർപ്പുമെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാൽ പരാജയത്തിന് കാരണം ആരാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് തന്നെ വ്യക്തമായി അറിയാമെന്നും എന്നാൽ ഇത് കോൺഗ്രസ് നേതൃത്വം കണ്ടതായി ഭാവിക്കുന്നില്ലെന്നും അമരീന്ദർ സിങ് ആഞ്ഞടിച്ചു.

അതേ സമയം പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് ചുമതലേയൽക്കും. വിപുലമായ ആഘോഷങ്ങളോടെയാകും ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഭഗത് സിങ് ആരാധകനായ മാൻ ഭഗത് സിങ്ങിന്റെ ഗ്രാമത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്‌ത് ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ആംആദ്‌മി ദേശിയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ഏകേദശം മൂന്ന് ലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അധികൃതർ പറയുന്നത്. മുഖ്യമന്ത്രി ഉൾപ്പടെ 18 മന്ത്രമാരാകും ക്യാബിനറ്റിൽ ഉണ്ടാകുക.

പഞ്ചാബിൽ വൻ തരംഗം സൃഷ്‌ടിച്ചുകൊണ്ടാണ് ആംആദ്‌മി പാർട്ടി ഭരണത്തിൽ കയറുന്നത്. 117 അംഗ നിയമസഭയിൽ 92 സീറ്റുകളിലാണ് ആംആദ്‌മി സ്ഥാനാർഥികൾ വിജയിച്ചത്. വൻ പാരമ്പര്യം പറയുന്ന കോൺഗ്രസും ശിരോമണി അകാലിദളും സംസ്ഥാനത്ത് വൻ പരാജയമാണ് രുചിച്ചത്. ഇരുപാർട്ടികളുടെയും പ്രമുഖ നേതാക്കൾ പോലും ആംആദ്‌മി സ്ഥാനാർഥികളോട് പരാജയപ്പെട്ടു.












Click it and Unblock the Notifications