'രാജ്യത്ത് ബിജെപി വിരുദ്ധ വികാരം', ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ശരദ് പവാർ
ഔറംഗാബാദ്: രാജ്യത്ത് ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. ഔറംഗാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.
ആളുകള്‍ക്ക് ഇപ്പോഴുളള ഈ മനോഭാവം നിലനില്‍ക്കുകയാണെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ രാജ്യത്ത് ഒരു മാറ്റം പ്രകടമാകും. ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് രാജ്യത്തൊരു ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട് എന്നാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോള്‍ മനസ്സിലാകുന്നത് ആളുകള്‍ ഒരു മാറ്റത്തിന് ഒരുക്കമാണ് എന്നാണ്. അങ്ങനെ നോക്കിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ മാറ്റം സംഭവിക്കും. അത് പറയാന്‍ ജ്യോത്സ്യന്റെ ആവശ്യമൊന്നും ഇല്ല, ശരദ് പവാര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുളള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ പാര്‍ട്ടിയിലേയും സഖ്യകക്ഷികളിലേയും പലരും അതിനോട് യോജിക്കുന്നതായി പവാര്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാന്‍ സാധ്യതയില്ല. കാരണം കര്‍ണാടകത്തിന്റെ ഫലത്തിന്റെ പശ്ചാത്ത ലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറാകുമെന്ന് കരുതുന്നില്ല. അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകും ആഗ്രഹിക്കുന്നത്, ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി വിരുദ്ധ വികാരമുണ്ടെന്ന് പറയുമ്പോഴും കേന്ദ്ര മന്ത്രിമാരില്‍ നിതിന്‍ ഗഡ്കരിയെ പ്രശംസിക്കാന്‍ ശരദ് പവാര്‍ മടി കാണിച്ചില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ആരാണ് പവാറിന് ഇഷ്ടമുളള മന്ത്രി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. കേന്ദ്രമന്ത്രിസഭയിലെ ചിലരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്, ഉദാഹരണത്തിന് നിതിന്‍ ഗഡ്കരി. അദ്ദേഹം ജോലിയില്‍ പാര്‍ട്ടി നോക്കുന്നില്ല. നമ്മള്‍ ഒരു പ്രശ്‌നവുമായി അദ്ദേഹത്തെ സമീപിച്ചാല്‍ അതിന്റെ പ്രധാന്യമാണ് നോക്കുക, അല്ലാതെ അത് പറയുന്ന ആളിന്റെതല്ല, ശരദ് പവാര്‍ പറഞ്ഞു.












Click it and Unblock the Notifications