'എൻഡിഎ സർക്കാർ അബദ്ധത്തിൽ രുപീകരിച്ചത്, അധികകാലം നിലനിൽക്കില്ല'; മുന്നറിയിപ്പുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും അത് എപ്പോൾ വേണമെങ്കിലും വീഴാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എൻഡിഎ സർക്കാർ അധികാരമേറ്റെടുത്ത് ഒരാഴ്‌ച പിന്നിടുമ്പഴേക്കാണ് ഖാർഗെയുടെ അവകാശവാദം. നേരത്തെ എൻഡിഎയിലെ കക്ഷികൾ തമ്മിൽ സ്വര ചേർച്ച ഉണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പരാമർശം.
'എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണ്. മോദിജിക്ക് ജനവിധിയുടെ പിന്തുണയില്ല. ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം' ഖാർഗെ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ജൂൺ ഒൻപതിനാണ് 72 മന്ത്രിമാരുമായി എൻഡിഎ സർക്കാർ അധികാരമേറ്റെടുത്തത്.

"ഇത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് രാജ്യത്തിന് നല്ലതാകട്ടെ, രാജ്യത്തെ ശക്തിപ്പെടുത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം" ഇന്ത്യ സഖ്യത്തെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സമാന അഭിപ്രയവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ രംഗത്ത് വന്നിരുന്നു.
കേന്ദ്രത്തിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു മമത വ്യക്തമാക്കിയത്. 400 സീറ്റുകൾ പറഞ്ഞവർക്ക് സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനായില്ല. ഇന്ത്യ മുന്നണി അവകാശവാദം ഉന്നയിക്കാത്തതിനാൽ ഒന്നും സംഭവിക്കില്ലെന്ന് കരുതരുത്. ഞങ്ങൾ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് ഖാർഗെയും എൻഡിഎ സർക്കാരിന്റെ പതനത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയത്. മഹാരാഷ്ട്രയിലെ കനത്ത തോൽവിക്ക് പിന്നാലെ അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയെ ബിജെപി തഴഞ്ഞത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എൻസിപിക്ക് പക്ഷേ അത് ലഭിച്ചിരുന്നില്ല.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചത്. 543 അംഗ ലോക്‌സഭയിൽ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം നേടിയ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകൾക്ക് ബഹുദൂരം പിന്നിലായി 240 സീറ്റുകൾ മാത്രമാണ് ഇക്കുറി നേടാനായത്.
ഇത്തവണ ബിജെപിയെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്നത് പ്രധാനമായും നാല് പ്രാദേശിക പാർട്ടികളുടെ കരുത്താണ്. 16 സീറ്റുകൾ നേടിയ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു (12), ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന (7), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി-റാം (5) എന്നിങ്ങനെയാണ് അത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ബിജെപിയുടെ നീക്കങ്ങൾ.












Click it and Unblock the Notifications