നീറ്റ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ട് മൂന്ന് പേർ, കേരളത്തിൽ ഗൗരി ശങ്കറിന് ഉയര്‍ന്ന റാങ്ക്
ദില്ലി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (അണ്ടര്‍ ഗ്രാജുവേറ്റ്) ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പ്രഖ്യാപിച്ചു. മലയാളികള്‍ അടക്കം മൂന്ന് പേരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാന സ്വദേശിയായ മൃണാള്‍ കുറ്റേരി, ദില്ലി സ്വദേശിയായ തന്‍മയ് ഗുപ്ത, മഹാരാഷ്ട്ര സ്വദേശിയായ കാര്‍ത്തിക ജി നായരുമാണ് റാങ്ക് ജേതാക്കള്‍. 17ാം റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന റാങ്ക് നേടിയത്. ആകെ 8,70,081 പേരാണ് പരീക്ഷയില്‍ യോഗ്യത നേടിയത്.
അതേസമയം, പരീക്ഷയ്ക്കിടെ അന്യായമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പതിനഞ്ച് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുകയും അവരുടെ ഫലം റദ്ദാക്കുകയും ചെയ്തു. സെപ്തംബര്‍ 12 ന് നടന്ന നീറ്റ്-യുജി പരീക്ഷ രജിസ്റ്റര്‍ ചെയ്ത 95% ഉദ്യോഗാര്‍ത്ഥികളും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നു. ഇന്ത്യയിലെ 202 നഗരങ്ങളിലായി 3,800-ലധികം കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷയില്‍ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിരുന്നു.

കേരളത്തില്‍ നിന്നുള്ള ഗൗരി ശങ്കറാണ് ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയത്. 720ല്‍ 715 മാര്‍ക്ക് നേടിയ ഗൗരിശങ്കറിന് ദേശീയതലത്തില്‍ 17-ാം റാങ്കാണ് കരസ്ഥമാക്കിയത്. പന്തളം ഇടപ്പോണ്‍ വെട്ടിയാര്‍ ക്ഷേത്രത്തിനുസമീപം തണല്‍വീട്ടില്‍ സുനില്‍കുമാര്‍ -രേഖ ദമ്പതികളുടെ മകനാണ്. പന്തളം ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളില്‍ പത്താംക്ലാസും ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറില്‍നിന്ന് പ്ലസ്ടുവും വിജയിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എംബിബിഎസ് (ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ബാച്ചിലര്‍ ഓഫ് സര്‍ജറി), ബിഡിഎസ് (ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി) പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യതാ പരീക്ഷയാണ് നീറ്റ്, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആണ് ഈ പരീക്ഷ നടത്തുന്നത്. നീറ്റ് ഫലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ ലഭിക്കും.












Click it and Unblock the Notifications