നീറ്റ്-യുജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആ 1563 പേരില്‍ പരീക്ഷ എഴുതിയത് 813 പേർ മാത്രം
ഡല്‍ഹി: നീറ്റ്-യുജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഗ്രേസ് മാർക്ക് നല്‍കിയവർക്ക് നടത്തിയ പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ) പ്രസിദ്ധീകരിച്ചത്. https://neet.nta.nic.in/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാന്‍ സാധിക്കും. ജൂണ്‍ 23 ന് നടന്ന പരീക്ഷയില്‍ 813 പേരാണ് പങ്കെടുത്തത്. ഇന്നത്തെ ഫലം കൂടി ഉള്‍പ്പെടുത്തിയാകും ഔദ്യോഗിക റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
നേരത്തെ നടത്തിയ നീറ്റ് മെയിന്‍ പരീക്ഷയില്‍ 1563 പേർക്ക് ഗ്രേസ് മാർക്ക് നല്‍കിയതും 67 പേർക്ക് ഒന്നാം റാങ്ക് നല്‍കിയതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നു. ഇതോടെയാണ് പുനഃപ്രവേശന പരീക്ഷാ എന്ന നിർദേശം കോടതി മുന്നോട്ട് വെച്ചത്.

ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ ആറ് നഗരങ്ങളിലേയും വ്യത്യസ്ത കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയത്. പരീക്ഷ എഴുതാന്‍ മുഴുവന്‍ സമയവും ലഭിച്ചില്ലെന്ന് കാട്ടി മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തിസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നീ ആറ് നഗരങ്ങളിലെ വിദ്യാർത്ഥികള്‍ അതത് ഹൈക്കോടതികളെ സമീപിച്ചിരുന്നു.
ഹൈക്കോടതി വിദ്യാർത്ഥികളുടെ ഹർജി പരിഗണിക്കാന്‍ തയ്യാറാകുകയും പരാതി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിർദേശിക്കുകയും ചെയ്തു. സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ കേന്ദ്രങ്ങളിലെ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ ഈ വിദ്യാർത്ഥികളുടെ ഫലം റദ്ദ് ചെയ്യാനും പുനഃപരീക്ഷ നടത്താനും സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
അതേസമയം, നീറ്റ് - യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സ്കൂള്‍ ഉടമ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഗോധ്രയിലെ സ്വകാര്യ സ്‌കൂളായ ജയ് ജലറാമിന്റെ ഉടമയായ ദീക്ഷിത് പട്ടേലിനെയാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള സി ബി ഐ അറസ്റ്റ് ചെയ്തത്. ദീക്ഷിത് പട്ടേലിന്റെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications