ഇക്കുറിയും ബിജെപി നിലംതൊടില്ല!!ദില്ലി ആംആദ്മി തൂത്തുവാരും നേതാ-ന്യൂസ് എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ
ദില്ലി: ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. അധികാര തുടര്‍ച്ച പ്രതീക്ഷിച്ച് ആംആദ്മിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തിറങ്ങിയതോടെ പൊടി പാറുന്ന പ്രചരണങ്ങള്‍ക്കാണ് ദില്ലി വേദിയായത്. എന്നാല്‍ ഇക്കുറിയും ബിജെപിയും കോണ്‍ഗ്രസും ദില്ലിയില്‍ നിലംതൊടില്ലെന്നാണ് നേതാ ന്യൂസ് എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചനം.
ദില്ലിയില്‍ ഇക്കുറിയും ആം ആദ്മി തന്നെ ദില്ലി തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. വിശദാംശങ്ങളിലേക്ക്

ചൂടേറിയ പ്രചരണം
തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ തുടക്കം മുതല്‍ തന്നെ ആംആദ്മിക്കാണ് ദില്ലിയില്‍ മുന്‍തൂക്കം ലഭിച്ചിരുന്നത്. പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം ആംആദ്മി ഭരണം നേടുമെന്നാണ് പ്രവചിക്കപ്പെട്ടത്.എന്നാല്‍ പൗരത്വ നിയമത്തിനെതിരായി ഷെഹീന്‍ബാഗില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബിജെപി വര്‍ഗീയ കാര്‍ഡിറക്കിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറി.

ഹിന്ദു വോട്ട് ഏകീകരണം
ആംആദ്മിയുടെ പ്രചരണങ്ങള്‍ക്കെതിരെ ഷഹീന്‍ബാഗ് ആയുധമാക്കി ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന തന്ത്രമാണ് അവസാന നിമിഷം ബിജെപി പയറ്റിയത്. ഷഹീൻബാഗിനെ പിന്തുണയ്ക്കുന്നവരും മോദിയുടെ ദേശീയവാദികളുടെ സംഘവും തമ്മിലാണ് തെരഞ്ഞെടുപ്പിലെ ഏറ്റുമുട്ടൽ എന്നായിരുന്നു അമിത് ഷാ പ്രഖ്യാപിച്ചത്.

ആയുധമാക്കി ബിജെപി
പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് ബിജെപി പ്രചരണങ്ങള്‍ ഏറെയും. പ്രതിഷേധങ്ങള്‍ ഗൂഡാലോചനയില്‍ നിന്നുള്ളതാണെന്നും നിയമത്തിനെതിരെ പലരും രാഷ്ട്രീയം കളിക്കുകയാണെന്നും പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു.

ഫലം കാണില്ല
എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും ദില്ലിയില്‍ ഫലം കാണില്ലെന്നാണ് നേതാ ന്യൂസ് എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ സൂചിപ്പിക്കുന്നത്. ആംആദ്മിക്ക് 53 മുതല്‍ 57 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റുകളായിരുന്നു ആംആദ്മി നേടിയത്.

നിലംതൊടില്ലെന്ന്
അതേസമയം ഇക്കുറി ബിജെപി സീറ്റ് ഉയര്‍ത്തുമെന്നാണ് സര്‍വ്വേ പ്രവചനം. 11 മുതല്‍ 17 സീറ്റുകള്‍ വരെ ബിജെപ നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലി തൂത്തുവാരിയെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 3 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

കോണ്‍ഗ്രസിന് തിരിച്ചടി
ദില്ലിയില്‍ സര്‍പ്രൈസ് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഇത്തവണയും നിരാശയായിരിക്കും ഫലം എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. വെറും രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വ്വേ പ്രവചനം. 15 വര്‍ഷത്തോളം ദില്ലി ഭരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്നു.