ബിജെപി അനുകൂല പരാമര്‍ശം; ഷീലാ ദീക്ഷിത് മലക്കം മറിഞ്ഞു
ദില്ലി: ദില്ലി സംസ്ഥാന സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് മലക്കം മറിഞ്ഞു. ബിജെപി അധികാരത്തില്‍ വരണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ബിജെപിക്ക് അംഗസംഖ്യയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ദില്ലിയില്‍ അധികാരത്തില്‍ വരുന്നതാണ് നല്ലതെന്നും, ജനങ്ങളുടെ ആഗ്രഹപ്രകാരം അവര്‍ക്ക് ഭരിക്കാന്‍ സാധിക്കണെന്നും ഷീലാ ദീക്ഷിത് പറഞ്ഞതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. ഷീലയുടെ പ്രസ്താവന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തിയുണ്ടാക്കി. പലരും ഞെട്ടലോടെയാണ് പ്രസ്താവനയോട് പ്രതികരിച്ചത്.

ദില്ലിയില്‍ ഇനി മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. ഗവര്‍ണര്‍ പദവിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ഉപയോഗിച്ച മാര്‍ഗ്ഗത്തെയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നത് ഒഴിവാക്കാന്‍ പാര്‍ലിമെന്റില്‍ നിയമം കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഷീലാ ദീക്ഷിതിനെ യുപിഎ സര്‍ക്കാര്‍ കേരള ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുന്‍ ഗവര്‍ണര്‍മാരെ പുറത്താക്കാന്‍ ശ്രമം ആരംഭിച്ചു. ചിലര്‍ രാജിവെച്ചൊഴിഞ്ഞപ്പോള്‍ ചിലരെ സ്ഥലം മാറ്റി രാജിവെപ്പിക്കുകയായിരുന്നു. കേരള ഗവര്‍ണറായിരുന്ന ഷീലാ ദീക്ഷിതും സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു.












Click it and Unblock the Notifications